
മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ നോക്കുകുത്തിയായി മാറിയിട്ടും ഇവ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കമ്മ്യൂണിറ്റി ഹാൾ, വൃദ്ധസദനം, ഓപ്പൺ എയർ ഓഡിറ്റോറിയം,വഴിയോര വിശ്രമകേന്ദ്രം, കാർഷിക വിപണനകേന്ദ്രം, പൊതു ശൗചാലയം തുടങ്ങി നിരവധി കെട്ടിടങ്ങളാണ് മാന്നാർ സ്റ്റോർമുക്കിലെ ബസ് സ്റ്റാന്റിനു സമീപം നിർമ്മിച്ചിട്ടുള്ളത്.
ഇതിൽ 2006 ൽ ഉദ്ഘാടനം ചെയ്ത കമ്മ്യൂണിറ്റിഹാൾ മാത്രമാണ് പ്രവർത്തന സജ്ജമായത്. എന്നാൽ, ഹരിതകർമ്മസേന വീടുകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിക്കുന്നത് ഇവിടെവെച്ചായതിനാൽ മറ്റാവശ്യങ്ങൾക്ക് കമ്മ്യൂണിറ്റിഹാൾ തുറന്നുകൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വൃദ്ധസദനം 2010ലാണ് ഉദ്ഘാടനം ചെയ്തത്. വയോജനങ്ങളുടെ സാന്ത്വന പരിചരണം ലക്ഷ്യമാക്കിയാണ് നിർമ്മിച്ചതെങ്കിലും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. 2017 -18 വർഷത്തെ തനതു ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് വനിതാസംരംഭമെന്ന നിലയിൽ കാർഷിക വിപണനകേന്ദ്രത്തിനായി പ്രത്യേക കെട്ടിടം നിർമ്മിച്ചത്. കുടുംബശ്രീ,വനിതാ കൂട്ടായ്മകൾ,ചെറുകിട കർഷകർ തുടങ്ങിയവരുടെ കാർഷികവിഭവങ്ങൾ കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷികവിപണനകേന്ദ്രം നിർമ്മിച്ചതെങ്കിലും ഉദ്ഘാടനം മാത്രമേ നടന്നുള്ളൂ.
2019 -20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് ഓപ്പൺഎയർ ഓഡിറ്റോറിയം നിർമ്മിച്ചത്. കമ്മ്യൂണിറ്റിഹാളിനു സമീപം ഓപ്പൺഎയർ ഓഡിറ്റോറിയത്തിന്റെ ആവശ്യകതയെന്തെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വഴിയോരവിശ്രമ കേന്ദ്രവും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിശ്രമമുറിയും പൊതുശൗചാലയവും അഞ്ചരലക്ഷം രൂപയോളം ചിലവിട്ടാണ് നിർമ്മിച്ചത്.
പഞ്ചായത്ത് ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നവിധത്തിൽ വലിയൊരു സൗധത്തിനായി വിദഗ്ദ്ധരായവരുടെ ഉപദേശങ്ങളോടെ രൂപരേഖ തയ്യാറാക്കുവാനുള്ള ശ്രമത്തിലാണ് ഭരണസമിതി. ആവശ്യമായഫണ്ട് നൽകാമെന്ന് മന്ത്രി സജിചെറിയാൻ അറിയിച്ചിട്ടുണ്ട്.
-(ശാലിനി രഘുനാഥ്, പഞ്ചായത്ത് വികസനസമിതി അദ്ധ്യക്ഷ)
കുഴൽക്കിണർ നിർമ്മിക്കാൻ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിൽ 16000 രൂപ പഞ്ചായത്ത് അടച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. വെള്ളമില്ലാത്ത കാരണം കൊണ്ടാണ് കാർഷിക വിപണനകേന്ദ്രവും ടോയ്‌ലറ്റും തുറന്നു പ്രവർത്തിക്കാൻ കഴിയാത്തത്. ഇതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെ ജില്ലാഓഫീസിനു മുന്നിൽ സമരം നടത്തും
-(അജിത് പഴവൂർ, ഗ്രാമപഞ്ചായത്തംഗം )