
മാവേലിക്കര: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പാറയ്ക്കാട്ടു ഫൗണ്ടേഷൻ കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന ഹരിതചാരുത പദ്ധതിയുടെ സമാപന സമ്മേളനം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷയായി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് 2021 ജനുവരി മുതൽ ഡിസംബർ വരെ ഒരു വർഷം നീണ്ട പദ്ധതിയായിരുന്നു ഹരിതചാരുത. മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ എം.എൽ.എ വിതരണം ചെയ്തു. യോഗത്തിൽ മൂന്നാം വാർഡ് മെമ്പർ കെ.എസ്.ജയപ്രകാശ്, ഹെൽത്ത് സെന്ററിലെ ഡോ.സ്മിത, കൃഷി ഓഫീസർ പൂജ.വി.നായർ, മുൻ ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പാറയ്ക്കാട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.ജയദേവ് സ്വാഗതവും സത്യാ ജയദേവ് നന്ദിയും പറഞ്ഞു.