ആലപ്പുഴ: പൂങ്കാവ് പള്ളിയിൽ 10 മുതൽ 17വരെ നടക്കുന്ന വിശുദ്ധവാരാചരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഡോ. ജോസി കണ്ടനാട്ടുതറ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓശാന ഞായറാഴ്ചയായ നാളെ രാവിലെ ആറിന് കുരുത്തോല വെഞ്ചിരിപ്പ് പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലിൽ നടക്കും. തുടർന്ന് പ്രദക്ഷിണമായി വിശ്വാസികൾ പള്ളിയിലെത്തും. വൈകിട്ട് അഞ്ചിന് ചെട്ടികാട് കടപ്പുറത്തുനിന്ന് പരിഹാര പ്രദക്ഷിണം. ആലപ്പുഴ രൂപതാ മെത്രാൻ സമാപന സന്ദേശം നൽകും.പെസഹവ്യാഴമായ 14ന് വൈകിട്ട് ആറിന് തിരുവത്താഴ പൂജ, രാത്രി എട്ടു മുതൽ പുലർച്ചെ വരെ ദീപക്കാഴ്ച സമർപ്പണം. ഡോ.സ്റ്റാൻലി റോമൻ ദീപം തെളിക്കും. രാത്രി 11ന് നേർച്ചക്കഞ്ഞിവെപ്പ് ആരംഭം. കൊച്ചി മെത്രാൻ ഡോ.ജോസഫ് കിരിയിൽ നിർവഹിക്കും.
ദുഃഖവെള്ളിയായ 15ന് പുലർച്ചെ നാലുമുതൽ ഒന്നുവരെ കുരിശിന്റെ വഴി. രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്കു രണ്ടുവരെ പാരിഷ് ഹാളിൽ നേർച്ചക്കഞ്ഞിവിതരണം. രാത്രി 12ന് കബറടക്ക ശുശ്രൂഷ. ഈസ്റ്റർ ദിനമായ 17ന് രാവിലെ എട്ടിന് ദിവ്യബലി. ഫാ.അഗസ്റ്റിൻ സിബി, ഫാ.ബെനസ്റ്റ് ജോസഫ്, തങ്കച്ചൻ പുത്തൻപറമ്പിൽ, വർഗീസ് തീയശേരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.