ആലപ്പുഴ: വാതിൽപ്പടി സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കിലയുടെ ആഭിമുഖ്യത്തിൽ രാമങ്കരി സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അവശർക്കും ആലംബഹീനർക്കും ഭിന്നശേഷിക്കാർക്കും മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള സഹായം വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. ചടങ്ങിൽ രാമങ്കരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ, പഞ്ചായത്തംഗം ശിവദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.