മാലിന്യമുക്ത പരിസരം കാമ്പയിൻ ആരംഭിക്കും

ആലപ്പുഴ: ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഭൂമി തരാൻ സന്മനസുള്ളവരെ കണ്ടെത്തുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ''മനസ്സോടിത്തിരി മണ്ണ്'' കാമ്പയിൻ ആരംഭിക്കും. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. ചെയർപേഴ്‌സൺ അദ്ധ്യക്ഷയായും വൈസ് ചെയർമാൻ ഉപാദ്ധ്യക്ഷനായും സെക്രട്ടറി കൺവീനറായും നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പ്രോജക്ട് ഓഫീസർ എന്നിവർ അംഗങ്ങളായും സമിതി രൂപീകരിക്കും. തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നഗരചത്വരത്തിൽ ആരംഭിക്കാനിരുന്ന വെന്റിംഗ് മാർക്കറ്റ് സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കും. സംസ്ഥാന സർക്കാർ നഗരചത്വര വികസനത്തിന് 3 കോടി രൂപ വകയിരുത്തിയ സാഹചര്യത്തിലാണ് പ്രോജക്ട് സംസ്ഥാന മിഷന്റെ അംഗീകാരത്തോടെ ബസ് സ്റ്റാൻഡിലേക്ക് മാറ്റുന്നത്. ഇതിന്റെ ഡി. പി.ആർ തയ്യാറാക്കും. ദ്രവമാലിന്യ സംസ്‌കരണവും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പദ്ധതിയും കൃത്യമായ മാർഗരേഖകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു.

യോഗത്തി​ൽ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, ആർ.വിനീത, കെ.ബാബു, ബിന്ദുതോമസ്, കക്ഷിനേതാക്കളായ റീഗോരാജു, എം.ആർ പ്രേം, ഹരികൃഷ്ണൻ, സതീദേവി, പി.രതീഷ്, കൗൺസിലർമാരായ ബി.നസീർ, മെഹബൂബ്, ബി അജേഷ്, അരവിന്ദാക്ഷൻ, ആർ.രമേശ്, എൽജിൻ റിച്ചാർഡ് തുടങ്ങിയവർ സംസാരിച്ചു.

കുടി​വെള്ളം ഉറപ്പാക്കും

നഗരസഭയുടെ വാട്ടർ കിയോസ്‌കുകളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ പി.വി.സി ജലസംഭരണിയും, പമ്പും സ്ഥാപിച്ച് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ 'മാലിന്യമുക്ത പരിസരം' എന്നപേരിൽ വിപുലമായ കാമ്പയിൻ നടപ്പാക്കും. പി.എം.എ.വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചവരിൽ കാലാവധി പൂർത്തിയാക്കിയവർക്കും, സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തവർക്കും ആധാരം തിരികെ നൽകാനും കൗൺ​സി​ൽ യോഗം തീരുമാനിച്ചു.