ആലപ്പുഴ: പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി പട്ടണക്കാട് പഞ്ചായത്തിൽ പകൽവീട് ഒരുങ്ങി. വെട്ടയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടു ചേർന്ന കെട്ടിടത്തിലാണ് പകൽവീട് ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. ചായയും ഭക്ഷണവും ആവശ്യമുള്ളവർക്ക് ലഭിക്കും. വൈദ്യ സഹായം നൽകുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിന്തുണയുമുണ്ട്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുകളും വിരസതകളും മറന്ന് സാധാരണ ജീവിതം നയിക്കാൻ വയോജനങ്ങളെ പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്രം തുടങ്ങുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് പറഞ്ഞു.