മാവേലിക്കര: ഒരു വീട്ടിൽ ഒരു പ്ലാവ് എന്ന സന്ദേശവുമായി ജാക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ ഒരുക്കുന്ന ചക്ക മഹോത്സവം മാവേലിക്കര പുതിയകാവ് വലിയവീട്ടിൽ ബിൽഡിംഗിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് അടൂർ വിജയകുമാർ അദ്ധ്യക്ഷനായി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് പ്രായിക്കര, കൗൺസിലർ ബിനു വർഗീസ്, സുഷമ പായിപ്പാട് തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്ക, തേൻ, കൂൺ, നെല്ലിക്ക എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ചക്ക മഹോത്സവ സ്റ്റാളുകളിൽ ലഭ്യമാണ്. ഒന്നര വർഷം കൊണ്ടു ഫലം ലഭിക്കുന്ന പ്ലാവ്, ആറ് മാസം കൊണ്ടു കായ്ക്കുന്ന മാവ്, കാർഷിക വിളകൾ, പച്ചക്കറി, പൂച്ചെടി വിത്ത്, ജൈവവളം എന്നിവയും സ്റ്റാളിൽ ലഭിക്കും. ദിവസവും രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ സ്റ്റാൾ പ്രവർത്തിക്കും.