ചേർത്തല :ചിത്രകല അടിസ്ഥാനമാക്കി പരസ്യകലാ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സംസ്ഥാനതല സംഘടനാ രൂപീകരണ സമ്മേളനം ഇന്ന് ചേർത്തലയിൽ നടക്കും. കൊമേഴ്‌സ്യൽ ആർട്ടിസ്റ്റ്സ് വെൽഫെയർ ഫോറം എന്നപേരിലാണ് സംഘടനയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ആഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ യോഗം ഉദ്ഘാടനംചെയ്യും. ദിലീപ് പാണാവള്ളി അദ്ധ്യക്ഷനാകും. ഉദയൻ വയലാർ നിയമാവലി അവതരിപ്പിക്കും. ആർട്ടിസ്റ്റ് ഗോപാൽജി അമ്പലപ്പുഴ ലോഗോയും ആർട്ടിസ്റ്റ് ലിയ ചന്ദ്രൻ പതാകയും പ്രകാശനംചെയ്യും.
പരസ്യകലാകാരൻമാരുടെ ക്ഷേമവും പരിരക്ഷയും അവകാശ സംരക്ഷണവും ലക്ഷ്യമാക്കിയാണ് സ്വതന്ത്റ ട്രേഡ് യൂണിയനെന്ന് സംഘാടകരായ ദിലീപ് പാണാവള്ളി, പ്രദീപ് മെഡോണ, സുരേഷ് പട്ടണക്കാട്, ഉദയൻ വയലാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.