ചാരുംമൂട്: കെ.പി റോഡരികിലെ ചാരുംമൂടിനും പാലൂത്ര ജംഗ്ഷനും ഇടയ്ക്കുള്ള മൺകൂന കൂനിന്മേൽ കുരുവാകുകയാണ്. നടപ്പാത നിർമിക്കാനായി ഒരു വർഷം മുൻപാണ് ചാരുംമൂട് വി വി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കവാടത്തിനു മുൻവശം മുതൽ കിഴക്കോട്ടു ഏകദേശം 300 മീറ്ററിൽ അധികം ദൂരത്ത് മണൽ ഇറക്കി ഇട്ടത്. കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും നടക്കുന്നതിന് തന്നെ തടസമായിരിക്കുകയാണ് മൺകൂന.
സ്കൂൾ മതിലിനോട് ചേർന്ന് റോഡിരികിൽ അപകടകരമായ രീതിയിൽ കുറെ ഭാഗം വലിയ കൈതയും കാടും കയറി നിൽക്കുന്നത് വലിയ അപകട ഭീഷണിയാണ്.
ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ സംസ്ഥാനപാതയായ കെ പി റോഡിൽ നിന്ന് സ്കൂളിലേയ്ക്കുള്ള പ്രധാന പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ അധികൃതർ നടത്തുന്ന ഈ നിരുത്തരവാദപരമായ നടപടിക്കെതിരെ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്.
രാവിലെ 9 മുതൽ 9 .30 വരെയാണ് ഈ ഭാഗത്ത് ഏറ്റവുംകൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ റോഡിൽ ടിപ്പർ ലോറികളുടെ ഓട്ടത്തിന് നിയന്ത്രണമുണ്ടെങ്കിലും ഇപ്പോൾ അതൊന്നും നിലവിലില്ല. സൈക്കിൾ, ബൈക്ക് യാത്രക്കാർക്കും റോഡരികിലെ മൺകൂന വലിയ ഭീതിയാണ് ഉണ്ടാകുന്നത്. നിരവധി കുട്ടികളാണ് സൈക്കിളിൽ സ്കൂളിൽ എത്തുന്നത്. സ്കൂൾ തുടങ്ങുന്ന ഭാഗത്തെ റോഡ് തന്നെ വലിയ ഒരു വളവാണ്. ഇവിടം സ്ഥിരം അപകട മേഖലയുമാണ്. ഈ ഭാഗത്താണ് സ്കൂൾ മതിലിന്റെ മുന്നിലായി റോഡിലേക്ക് വലിയ കൈത കാട് പിടിച്ചു കിടക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾ കാണാനും, നടക്കാനും ഏറെ ബുദ്ധിമുട്ടുള്ള വീതി കുറഞ്ഞ ഭാഗമായ ഇവിടുത്തെ കാട് വെട്ടിക്കളയാൻ പോലും അധികൃതർ തയ്യാറാവുന്നില്ല. ഒരപകടം ഉണ്ടായ ശേഷം നടപടി എടുക്കാതെ എത്രയും വേഗം കാട് വെട്ടി വൃത്തിയാക്കണമെന്നും നടപ്പാതയുടെ പണി പൂർത്തിയാക്കണമെന്നും നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുകയാണ്.
---------------------------------------------------------------------------------------------------------------------
ചാരുംമൂട്ടിൽ നിന്നും കരിമുളയ്ക്കൽ വരെയുള്ള നടപ്പാത നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണം . കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂളിന്റെ മുൻപിലെ നടപ്പാത നിർമ്മാണം പൂർത്തിയാക്കി 300 മീറ്റർ ദൂരം കൈവരിയും നിർമിക്കണം.
പി ടി എ വൈസ് പ്രസിഡന്റ്
സതീഷ് ജി എസ്