
ആലപ്പുഴ: എ.എൻ.പുരം തിരുമല ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനിടെ ഇടഞ്ഞ ആന, ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മിനി ലോറിയുടെ കാബിൻ തകർത്തു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കുളമാക്കീൽ ഗണേശൻ എന്ന ആന ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് വിരണ്ടോടി പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറി തകർക്കുകയായിരുന്നു. ഈ സമയം ലോറിയിലുണ്ടായിരുന്ന ഡ്രൈവർ അങ്കമാലി സ്വദേശി പ്രദീപ് മറുവശത്തെ വാതിലിലൂടെ ചാടി രക്ഷപ്പെട്ടു. അങ്കമാലിയിൽ നിന്ന് സിമന്റുമായി ആലപ്പുഴയിലെത്തിയതായിരുന്നു ലോറി.ഒരു വീടിന്റെ മതിലും ആന തകർത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. സമീപത്തെ ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാൽ പൊലീസും സംഭവസ്ഥലത്തുണ്ടായിരുന്നു.