photo
പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത കൈരളി-തേനം പറമ്പ് റോഡ്

ചേർത്തല: കൈരളി-തേനംപറമ്പ് റോഡിൽ മഴക്കാലമെത്തിയാൽ റോഡേതാണ് കുഴിയേതാണ് എന്ന് തിരിച്ചറിയാൻ വയ്യാതാകും. പല സ്ഥലങ്ങളിലും റോഡിന്റെ ടാർ ചെയ്ത ഭാഗപോലും കാണാനേ ഇല്ല. കണിച്ചുകുളങ്ങരയെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് ഈ ദുരവസ്ഥയായിട്ട് വർഷം ഏഴിലധികമായി.

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 4,16,17 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമാണ്. മത്സ്യതൊഴിലാളികളുടെ പ്രധാന സഞ്ചാര മാർഗമായ റോഡിനെയാണ് കണിച്ചുകുളങ്ങര ഹൈസ്കൂൾ, പൊക്ലാശേരി എൽ.പി. സ്കൂൾ, ചേർത്തല എസ്.എൻ.കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കണിച്ചുകുളങ്ങരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളും ആശ്രയിക്കുന്നത്.

പൊക്ലാശേരി എൽ.പി. സ്കൂളിലെ പിഞ്ചു കുട്ടികൾ കുഴിയിൽ തട്ടി വീണ് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. സൈക്കിളിൽ എത്തുന്ന കുട്ടികൾ റോഡിലെ കൂടുതൽ സ്ഥലത്തും അപകടം ഭയന്ന് സൈക്കിൾ തള്ളികൊണ്ടാണ് പോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അധികൃതർ പരിഗണിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

കഴിഞ്ഞ ദിവസം പ്രദേശത്തെ എസ്.എൻ.ഡി.പി യോഗം 489-ാം നമ്പർ വാഴുവേലിശാഖയുടെ നേതൃത്വത്തിൽ ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജന് പ്രദേശവാസികളായ നൂറുകണക്കിന് പേർ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്. വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

......................................

നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാകുന്നതുവരെ വാഴുവേലി ശാഖ ഒപ്പമുണ്ടാകും. നിഷേധാത്കമ നിലപാടാണ് ഇനിയും തുടരുന്നതെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധ സമരം സംഘടിപ്പിക്കും.

മുരുകൻ പെരയ്ക്കൻ, കൺവീനർ,

വാഴുവേലി ശാഖ