
ആലപ്പുഴ: വിഷു വിപണി മുന്നിൽ കണ്ട് കൃഷിയിറക്കിയ പാടശേഖരങ്ങളിൽ കണിവെള്ളരി വിളവെടുപ്പ് ആരംഭിച്ചു. കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് നിരവധി കർഷകരാണ് കണിവെള്ളരി കൃഷിചെയ്തത്.
കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറയിലെ ആനക്കുഴിയ്ക്കൽ പാടത്ത് ഇന്നലെ അര ഏക്കറിൽ നിന്നും നാലായിരം കിലോ വിളവെടുത്തു. ജൈവ കർഷകൻ വി.പി.സുനിലിന്റെതാണ് കൃഷിത്തോട്ടം. ജൈവരീതിയിൽ കൃഷി ചെയ്യുന്നതിനാൽ വിവിധ സ്ഥലങ്ങളിലുള്ള കച്ചവടക്കാർ മുൻകൂട്ടി സുനിലിന് ഓർഡർ നൽകിയിട്ടുണ്ട്. രണ്ടായിരം കിലോയ്ക്ക് കരാർ ഉറപ്പിച്ചതിനു ശേഷമാണ് സുനിൽ കൃഷി ഇറക്കിയത്. ആവശ്യക്കാർ കൂടുതലായി വരുമെന്ന പ്രതീക്ഷയിൽ കരാറിന്റെ ഇരട്ടി വിളവ് പ്രതീക്ഷിച്ചിരുന്നു. വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. അഡ്വ.എം സന്തോഷ്‌കുമാർ ആദ്യ വില്പന നടത്തി. കൃഷി ഓഫീസർ ജാനിഷ് റോസ് സാം, ബൈ രഞ്ജിത്, കെ,കമലമ്മ, മിനി പവിത്രൻ, വി.ടി. സുരേഷ്, എസ്.ഡി.അനില, എ.ടി.സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.