
അമ്പലപ്പുഴ: ചാറ്റൽ മഴയിൽ പോലും ആശുപത്രി പരിസരം വെള്ളക്കെട്ടിലാകുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരമാണ് മഴ പെയ്താൽ ഉടൻ വെള്ളക്കെട്ടിലാകുന്നത്. ചുറ്റും തറയോടു പാകിയിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ നിർമ്മാണം മൂലമാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത്. അത്യാഹിത വിഭാഗത്തിന് മുൻവശം വരെ വെള്ളക്കെട്ടുണ്ടാകുന്നതായി ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. കാൽനടയായി ആശുപത്രിയിലെത്തുന്ന രോഗികളും, കൂട്ടിരിപ്പുകാരും ഇവിടെ തെന്നി വീഴാറുണ്ട്. മഴ പെയ്താൽ വാഹന പാർക്കിംഗും ബുദ്ധിമുട്ടാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന പാർക്കിംഗ് സ്ഥലത്ത് വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ഇത്തരത്തിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്നതിനെതിരേയും പ്രതിഷേധം ശക്തമാണ്.