hdj
വീയപുരത്ത് വെള്ളത്തിലായ നെൽ ചെടികൾ

അപ്പർകുട്ടനാടൻ മേഖലയിൽ കൊടിയ ദുരിതം

ഹരിപ്പാട്: കാത്തുകാത്തിരുന്ന വേനൽ മഴ എത്തിയപ്പോൾ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് അത് കൊടിയ ദുരിതമായി. കൊയ്ത് കൂട്ടിയനെല്ലും കൊയ്യാനുള്ളതും വെള്ളത്തിലായതോടെ കർഷകർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.

അപ്പർകുട്ടനാട്ടിലെ തകഴി കുണ്ടംതുരുത്തി പാടശേഖരത്തിൽ കൂന കൂട്ടിയിട്ട നെല്ലാണ് വെള്ളത്തിൽ മുങ്ങിയത്. വിളവെടുപ്പ് കഴിഞ്ഞ് തൊഴിലാളികളെ ഉപയോഗിച്ച് ഉണക്കി കൂട്ടിയ നെല്ലാണ് നിനച്ചിരിക്കാതെ പെയ്ത മഴയിൽ വെള്ളത്തിലായത്. ഉടൻ സംഭരണം നടക്കുമെന്ന പ്രതീക്ഷയിലാണ് പാടശേഖരത്തിൽ തന്നെ കൂട്ടിയിട്ടത്. എന്നാൽ സിവിൽ സപ്ലൈസ് കോർപറേഷൻ്റെ അംഗീകൃത മില്ലുടമകൾ സമയ ബന്ധിതമായി നെല്ല് സംഭരിക്കാഞ്ഞത് വിനയായി.

അടുത്ത ദിവസം കൊയ്ത്തു ആരംഭിക്കേണ്ടതും 20 ദിവസം കഴിഞ്ഞ് കൊയ് തെടുക്കേണ്ടതും ഉൾപ്പടെയുളള നെല്ലിൽ ഭൂരിഭാഗവും നിലം പതിച്ചു. മിക്ക പാടശേഖരത്തിലും വെള്ളം കെട്ടിക്കിടക്കുകയാണ്. താഴ്ന്ന പാടശേഖരങ്ങളിൽ ക്രമാതീതമായി വെള്ളം കെയറിയിട്ടുണ്ട്. ഇവിടെ യന്ത്രം ഇറങ്ങലും അസാദ്ധ്യമാകുന്ന അവസ്ഥ.

പല പാടങ്ങളിലും ചാലുകൾ താഴ്ത്തിയും എൻജിൻ ഉപയോഗിച്ചും വെള്ളം വറ്റിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കർഷകർ. ആദ്യ ദിവസത്തെ വേനൽ മഴയിൽ തന്നെ നിലംപതിച്ച നെൽചെടികൾ കിളിർക്കാൻ തുടങ്ങിയതായും കർഷകർ പറയുന്നു. വീയപുരം കൃഷിഭവൻ പരിധിയിലെ കട്ടക്കുഴി തേവേരി, മുപ്പായിക്കേരി - മുട്ടും പാട്, പാമ്പനം - വെള്ളക്കുഴി, പോട്ട - കളയ്ക്കാട്, പോളഞ്ഞുരുത്ത്, മുണ്ടുതോട്, നിരണം കൃഷി ഭവൻ പരിധിയിലെ എര തോട് - ചെമ്പ്, എടത്വാ കൃഷിഭവൻ പരിധിയിലെ ചട്ടുകം, മങ്കോട്ടച്ചിറ, തകഴിയിലെ കണ്ടംതുരുത്തി തുടങ്ങിയ നിരവധി പാടശേഖരങ്ങളിലെ ഹെക്ടർ കണക്കിന് കൃഷിയാണ് വെള്ളത്തിലായത്. വീയപുരത്ത് പാഠശേഖരങ്ങൾ മട വീഴ്ചാ ഭീഷണിയിലുമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കർഷകർ കൃഷിയെ എങ്ങനെ സംരക്ഷിക്കും എന്നറിയാതെ വിഷമിക്കുകയാണ്.

....................................

മഴ തുടരുന്ന സാഹചര്യത്തിൽ യന്ത്രം ഇറക്കി കൊയ്ത്തെടുക്കൽ പ്രയോഗികമല്ല. കർഷകർക്ക് വേണ്ട നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ തയ്യാറാകണം സോമൻ, കർഷകൻ

കടം വാങ്ങിയും ലോൺ എടുത്തുമാണ് കർഷകർ കൃഷി ഇറക്കിയത്. കൊയ്യാൻ കഴിയാത്ത രീതിയിൽ കൃഷി നശിച്ചാൽ കർഷകരെ ആര് സംരക്ഷിക്കുമെന്ന് അറിയില്ല

അശോകൻ, കർഷകൻ

...........................................