nelkrishi

ചാരുംമൂട് : വേനൽ മഴ നെൽ കർഷകർക്ക് തീരാ ദുരിതമായി. പാലമേൽ, നൂറനാട് ഗ്രാമപഞ്ചായത്തുകളിൽ കരിങ്ങാലിച്ചാൽ, പെരുവേലിൽച്ചാൽ പുഞ്ചകളിലെ നെൽകൃഷിയാണ് വെള്ളത്തിലായത്. രണ്ടാഴ്ച കൊണ്ട് കൊയ്യാൻ കഴിയുമായിരുന്ന നെല്ലാണ് പൂർണ്ണമായും വെള്ളം കയറിയത്. കരിങ്ങാലിച്ചാൽ പുഞ്ചയിൽ ഇടപ്പോൺ ആമ്പടവം പാടശേഖരത്ത് കർഷക കൂട്ടായ്മ കൃഷിയിറക്കിയ 125 ഏക്കറിലെ നെല്ല് പൂർണ്ണമായും വെളളത്തിലായി. വിത്ത് വിതച്ച സമയത്ത് കനാൽ വെള്ളം കയറി വിത നശിച്ചുണ്ടായ നഷ്ടത്തിന് പുറമെയാണ് വേനൽ മഴയും കർഷകരെ ചതിച്ചത്.

കരിങ്ങാലിച്ചാൽ പുഞ്ചയിൽ കാരിമുക്കം ഭാഗത്തും ബണ്ട് റോഡിനോട് ചേർന്നുമുള്ള നാന്നൂറോളം ഏക്കർ പാടശേഖരവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെയും രണ്ടാഴ്ചത്തെ വിളവുകൂടി മതിയായിരുന്നു നെല്ല് കൊയ്തെടുക്കാനെന്ന് കർഷകർ പറയുന്നു. ഇവിടെ മോട്ടോറും പെട്ടിയും പറയും ഉപയോഗിച്ചും വെള്ളം പറ്റിക്കാൻ ശ്രമം നടക്കുന്നുണ്ട്. കൃഷിനാശത്തിന് അടിയന്തിര സഹായമുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.