ph

കായംകുളത്തിന് വിഷുകൈനീട്ടമായി രണ്ട് പാലങ്ങളുടെ ഉദ്ഘാടനം

കായംകുളം: കായംകുളത്തിന് വിഷുകൈനീട്ടമായി രണ്ട് പാലങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. 5.46 കോടി ചെലവിട്ട് പുനർ നിർമ്മിച്ച പാർക്ക് ജംഗ്ഷൻ പാലവും 40 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കൂട്ടുവാതുക്കൽ കടവ് പാലമാണ് തുറന്ന് കൊടുക്കുന്നത്.ഉച്ചക്ക് 12.30 ന് മന്ത്രി മുഹമദ് റിയാസ് പാലങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി ജി.സുധാകരൻ മുൻകൈ എടുത്താണ് പാലങ്ങൾ നിർമ്മിച്ചത്. ഷഹിദാർപള്ളി - ടെക്‌സ്‌മോ ജംഗ്ഷൻ റോഡിൽ കരിപ്പുഴതോടിന് കുറുകെയാണ് പാർക്ക് ജംഗ്ഷൻ പാലം നിർമ്മിച്ചിരിക്കുന്നത്. പഴയതും വീതികുറഞ്ഞതുമായ പാലം അപകടാവസ്ഥയിൽ ആയതിനെ തുട‌ർന്നാണ് പുനർ നിർമ്മിച്ചത്. കുട്ടംവാതുക്കൽ കടവ് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യത്തിന് നാലര പതിറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. സി.കെ സദാശിവൻ എം.എൽ.എ ആയിരിയ്ക്കുമ്പോൾ സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവെച്ചുവെങ്കിലും യാത്രക്കാർ കുറവായതിനാൽ പാലം ലാഭകരമല്ലന്ന ചീഫ് എൻജിനീയരുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ജനകീയ പ്രക്ഷോഭം ആരംഭിയ്ക്കുകയും മന്ത്രിയായിരുന്ന ജി. സുധാകരൻ പാലം നിർമ്മാണവുമായി മുന്നോട്ട് പോകുകയായിരുന്നു. പാലം യാഥാർത്ഥ്യമായതോടെകുമ്പിളിശേരി വാർഡിലെ ജനങ്ങൾക്ക് പാലം യാഥാർഥ്യമായതോടെ കണ്ടല്ലൂർ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കൂടാതെ കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേ ആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും. ഈ പ്രദേശത്തിന്റെ ടൂറിസ സാദ്ധ്യതകളും വികസിക്കും. മനോഹരമായ ആർച്ചുകളും കെൽട്രോണിന്റെ ആഭിമുഖ്യത്തിലുള്ള സോളാർ ലൈറ്റുകളും പാലത്തിന് മനോഹാരിതയേകും.

......

കൂട്ടുവാതുക്കൽ കടവ് പാലം

പാലത്തിന് 20 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുള്ളത്. ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ നീളത്തിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ സൗന്ദര്യവത്ക്കരണത്തിനായി രണ്ട് ഗോപുരങ്ങളും നിർമ്മിച്ചിച്ചുണ്ട്. കണ്ടല്ലൂർ - ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെയാണ് കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മിച്ചിരിയ്ക്കുന്നത്. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ 8 മുതൽ 11വരെയുള്ള വാർഡുകളും ദേവികുളങ്ങര പഞ്ചായത്തിലെ 12–ാം വാർഡും ആറാട്ടുപുഴ പഞ്ചായത്തിലെ 5–ാം വാർഡും ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇത്.