ആലപ്പുഴ: ജല അതോറിട്ടി പൊതുടാപ്പുകളിൽ വഴി വിതരണം ചെയ്യുന്ന വെള്ളം മലിനമെന്ന് വ്യാപക പരാതി. കുടിവെള്ള ക്ഷാമത്തിന് പുറമേ പൈപ്പുകളിൽ എത്തുന്ന മലിനജലം മുനിസിപ്പൽ സ്റ്റേഡിയം നിവാസികൾക്ക് വെള്ള ക്ഷാമം രൂക്ഷമാക്കുന്നു. പൈപ്പുകളിൽ എത്തുന്ന ദുർഗന്ധത്തോടെയുള്ള കുടിവെള്ളത്തിന് കാരണം വെള്ളക്കടത്താണെന്നാണ് അധികൃതർക്ക് സംശയം. നഗരസഭാ സ്റ്റേഡിയം വാർഡിൽ പത്ത് ദിവസത്തോളം പെട്രോളിന് സമാനമായ ഗന്ധത്തിലുള്ള വെള്ളമാണ് ലഭിക്കുന്നത്. ജലത്തിന് കലക്കലും കാണപ്പെടാറുണ്ട്. കരുമാടിയിലെ ശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിംഗ് നിർത്തുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലൈനിൽ നിന്ന് മോട്ടോർ വച്ച് ചിലർ വെള്ളം വലിച്ചെ

ടുക്കുന്നുണ്ടോ എന്ന സംശയമാണ് അധികൃതർ ഉന്നയിക്കുന്നത്. ഇത്തരത്തിൽ വെള്ളം അനധികൃതമായി വലിക്കുമ്പോഴുണ്ടാകുന്ന ലീക്കേജ് വഴി മാലിന്യങ്ങൾ കടക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തകഴി ഭാഗത്തെ പൈപ്പ് മാറ്റിയിടലുമായി ബന്ധപ്പെട്ട് ജല വിതരണം മുടങ്ങിയിരുന്നു. ഇന്ന് ജല വിതരണം പൂർണമായി പുനരാരംഭിക്കും. ഇതിന് ശേഷം വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ദുർഗന്ധത്തിനുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

........

# പ്രതീക്ഷയിൽ ജനം

സ്റ്റേഡിയം വാർഡിൽ ചാരായഷാപ്പ് ഇടവഴിയിലെ വീട്ടുകാർക്കാണ് മലിന ജലം സ്ഥിരമായി ലഭിക്കുന്നത്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പരാതി സമർപ്പിരുന്നെങ്കിലും, പമ്പിംഗ് നടക്കാത്തതിനാൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇന്ന് പമ്പിംഗ് പഴയപടിയാകുന്നതോടെ, വിഷയത്തിൽ അധികൃതരുടെ ഇടപെടലുണ്ടാവും എന്ന് പ്രതീക്ഷയിലാണ് ജനം.

..........

തുടർച്ചയായി പത്ത് ദിവസങ്ങളിൽ പെട്രോളിന് സമാനമായ മണത്തിലാണ് വെള്ളം വന്നത്. ഇന്ന് പമ്പിംഗ് അരംഭിക്കുന്നതോടെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

ബി.അജേഷ്, കൗൺസിലർ, സ്റ്റേഡിയം വാർഡ്

...........

ലൈനിൽ നിന്ന് മോട്ടോർ വച് വെള്ളം അനധികൃതമായി വലിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. വിശദമായ പരിശോധന നടത്തും

എക്സിക്യൂട്ടിവ് എൻജിനീയർ, ജല അതോറിട്ടി