
അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട പൈപ്പ് മാറ്റി സ്ഥാപിക്കൽ പൂർത്തിയാകാത്തതിനാൽ ഇന്നലെയും പമ്പിംഗ് പുനരാരംഭിക്കാൻ കഴിയാത ജലഅതോറിട്ടി . തകഴി പാലം മുതൽ കേളമംഗലം വരെ കഴിഞ്ഞ ദിവസം പൈപ്പ് സ്ഥാപിച്ചിരുന്നു. കേളമംഗലം ജംഗ്ഷനിലെ ജോയിന്റ് പൂർത്തിയാക്കിയെങ്കിലും , തകഴി വലിയ പാലത്തിന് കിഴക്ക് ഭാഗത്തെ രണ്ടാം ജോയിന്റ് ഇന്നലെ പൂർത്തീകരിക്കാനായില്ല. ഇന്ന് പുലർച്ചയോടെ ജോയിന്റ് പൂർത്തിയാക്കി ആദ്യഘട്ട പൈപ്പ് മാറ്റി സ്ഥാപിക്കൽ പൂർത്തീകരിക്കാനാകുമെന്ന് യുഡിസ് മാറ്റ് അധികൃതർ പറഞ്ഞു. രണ്ടാം ഘട്ടത്തിലെ 1060 മീറ്റർ പൈപ്പിടൽ ഈ മാസം അവസാന ആഴ്ച്ചയിൽ തുടങ്ങാനാണ് പദ്ധതി ഉദ്യോഗസ്ഥരുടെ തീരുമാനം. തകഴി വലിയ പാലം മുതൽ റെയിൽവേ ക്രോസ് വരെയാണ് രണ്ടാം ഘട്ടത്തിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടത്. ഒന്നാംഘട്ട പെപ്പിടിലീന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലും സമീപത്തെ 8 പഞ്ചായത്തുകളിലും താത്കാലികമായി ജലവിതരണം മുടങ്ങിയിരിക്കുകയാണ്. കടപ്രയാറ്റിൽ നിന്നും കരുമാടിശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന കേളമംഗലം മുതൽ തകഴി റെയിൽവെ ലെവൽ ക്രോസ് വരെയുള്ള 1524 മീറ്റർ പൈപ്പാണ് മാറ്റി സ്ഥാപിക്കുന്നത്.ഈ ഭാഗത്തെ പൈപ്പുകൾ നിലവാരം കുറഞ്ഞതാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.