
ഹരിപ്പാട്: കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിലും പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കൽ മുല്ലേമൂല പടശേഖരത്ത് മടവീണു. പള്ളിപ്പാട് കൃഷിഭവൻ പരിധിയിൽ വരുന്ന 110 ഏക്കർ വിസ്തൃതി ഉള്ള പാടശേഖരത്തിലാണ് ഇന്നലെ പുലർച്ചെ മൂന്നിന് മടവീഴ്ച ഉണ്ടായത്. ഇതോടെ 90 ദിവസം പ്രായമായ നെല്ല് ചെടികൾ പൂർണമായും വെള്ളത്തിനടിയായി. ഏക്കറിന് ഇതുവരെ 20000 രൂപയോളം ചെലവാക്കി കഴിഞ്ഞതായും ഏകദേശം തൊണ്ണൂറ് ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായതായും കർഷകർ പറയുന്നു . പാടത്തിന്റ 1500 മീറ്ററോളം വരുന്ന ഭാഗം അച്ചൻകോവിലറിനോട് ചേർന്ന് കിടക്കുന്നതാണ്. ഈ ഭാഗത്ത് ശക്തമായ പുറംബണ്ട് ഇല്ലാത്തതാണ് മടവീഴ്ച കാരണമെന്നും കർഷകർ പറയുന്നു. വർഷങ്ങളായി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ബണ്ടിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകാതെ ഇനി കൃഷിയിറക്കില്ലെന്നും പാടശേഖര സമിതി സെക്രട്ടറി പ്രസന്നൻ പറഞ്ഞു.