
ഹരിപ്പാട്: കടയിൽ നിന്നും പണം മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മാൽഡ സ്വദേശി ആയ സുമൻ സർക്കാർ (24) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. വലിയകുളങ്ങര ദേവീ ക്ഷേത്രത്തിനു കിഴക്കുവശം ഉള്ള അബ്ദുൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽ നിന്നാണ് ഇയാൾ പണം മോഷ്ടിച്ചത്. കഴിഞ്ഞദിവസം അബ്ദുറഷീദ് നിസ്കരിക്കുന്ന സമയത്ത് കടയിൽ എത്തിയ സുമൻ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 20000 രൂപ മോഷ്ടിക്കുകയായിരുന്നു. കടയുടെ പുറകിലുള്ള വീട്ടിലാണ് സുമൻ താമസിച്ചിരുന്നത് . സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും പണം എടുത്തത് ഇയാളാണെന്ന് മനസിലാക്കുകയും തൃക്കുന്നപ്പുഴ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ പിടികൂടുകയും ചോദ്യം ചെയ്തതിൽ നിന്നും വീടിനു പുറകിൽ ഒളിപ്പിച്ചിരുന്ന 15,000 രൂപയോളം കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ സുമനെ റിമാൻഡ് ചെയ്തു.