ആലപ്പുഴ : ദീർഘദൂര സർവീസുകളായ ബൈപാസ് റൈഡർ, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ എന്നിവയിൽ കയറാനുള്ള യാത്രക്കാർക്കുള്ള ഫീ‌ഡർ സ്റ്റേഷനുകൾ (കാത്തിരിപ്പ് കേന്ദ്രങ്ങൾ) പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ കൊമ്മാടി ബൈപാസ് ജംഗ്ഷനിലും, ചേർത്തല റെയിൽവേ സ്റ്റേഷന് സമീപവുമാണ് സ്റ്റേഷനുകൾ .

മറ്റ് ബസുകളെ പരമാവധി ഒഴിവാക്കി റൈഡറിലും, സ്വിഫ്റ്റിലും കയറാനുള്ളവരെ മാത്രം കേന്ദ്രീകരിച്ചാണ് സ്റ്റേഷന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ദിവസങ്ങളിൽ പരമാവധി നാല് സർവീസുകൾ വരെയാണ് ബൈപാസ് റൂട്ടിൽ വരുന്നത്. കൂടുതൽ ബസുകൾക്ക് പെർമിറ്റ് ലഭിക്കുന്നതോടെ സർവീസുകളുടെ എണ്ണവും വർദ്ധിക്കും. ഉപയോഗശൂന്യമായി കിടന്നിരുന്ന ജൻറം ബസുകളാണ് ഫീഡർ സ്റ്റേഷനുകളായി രൂപം മാറ്റിയത്. സീറ്റിംഗ് രീതികൾ പുനഃക്രമീകരിക്കുകയും, ലൈറ്റ്, ഫാൻ സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തനം. വൈദ്യുതീകരണത്തിന് വേണ്ടി കെ.എസ്.ഇ.ബിക്ക് ഉടൻ അപേക്ഷ നൽകും. ജില്ലയിൽ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം വഴിയാണ് റൈഡർ സർവീസ്. കായംകുളത്തും, ഹരിപ്പാടും സ്റ്റാൻഡുകൾ ദേശീയപാതയോരത്തായതിനാൽ പ്രത്യേക ക്രമീകരണങ്ങളുടെ ആവശ്യമില്ല. ആലപ്പുഴയിലും, ചേർത്തലയിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ ഹൈവേയിൽ നിന്ന് ദൂരെയായതിനാലാണ് ഫീഡർ സ്റ്റേഷനുകൾ ക്രമീകരിച്ചത്. തിരുവനന്തപുരം റൂട്ടിൽ നിന്ന് വരുന്ന സൂപ്പർഫാസ്റ്റ് ബസ് ബൈപാസ് കയറാതെ, കളർകോട് - തിരുവമ്പാടി റൂട്ടിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കയറി കൊമ്മാടിയെത്തുമ്പോൾ 30 മിനിറ്റിലധികം നഷ്ടമാകും. അതേ സമയം കളർകോട് ബൈപാസിൽ നിന്ന് നേരെ പോയാൽ 8 മിനിട്ടിനകം കൊമ്മാടി കടക്കാമെന്നതാണ് നേട്ടം.

കണക്‌ഷൻ സർവീസ് തുടങ്ങി​

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ ഫീഡർ സ്റ്റേഷനിലെത്തിക്കാൻ കണക്‌ഷൻ സർവീസാരംഭിച്ചു. മൂന്ന് വീതം ബസുകളാണ് ഉപയോഗിക്കുന്നത്. ഫീഡറിലേക്ക് മാത്രമായി യാത്രക്കാർ കുറവായിരിക്കുമെന്നതിനാൽ, ആലപ്പുഴയിൽ നിന്ന് ജനറൽ ആശുപത്രി - കളക്ടറേറ്റ് - കൊമ്മാടി ഫീഡർ സ്റ്റേഷൻ - കലവൂർ റൂട്ടിലാണ് സർവ്വീസ്. ചേർത്തലയിൽ റെയിൽവേ സ്റ്റേഷൻ റൂട്ടിലും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഫീഡർ സ്റ്റേഷനുകൾ

 കൊമ്മാടി ബൈപ്പാസ് ജംഗ്ഷനിൽ റോഡിന്റെ ഇരുവശത്തുമായി രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ

 24 മണിക്കൂർ പ്രവർത്തനം

 സ്റ്റേഷനിൽ ഓരോ ജീവനക്കാർ

റൈഡർ, സ്വിഫ്റ്റ് ബസുകൾക്കുള്ള സ്റ്റോപ്പായാണ് ഫീഡർ സ്റ്റേഷനുകൾ പ്രവർത്തിക്കുക. സ്റ്റേഷന്റെ വൈദ്യുതീകരണത്തിന് അപേക്ഷ സമർപ്പിക്കും

അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ