ambala

അമ്പലപ്പുഴ: അടുത്തടുത്തുള്ള രണ്ട് റോഡുകൾ കലുങ്ക് നിർമാണത്തിനായി പൊളിച്ചിട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ പ്രദേശവാസികൾ. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിന് സമീപമാണ് നാട്ടുകാരെ ദുരിതത്തിലാക്കിയുള്ള കലുങ്ക് നിർമ്മാണം. നീർക്കുന്നം ജന സേവിനി ഗ്രന്ഥശാലക്ക് തെക്ക് ഭാഗത്തുള്ള റോഡിൽ കലുങ്ക് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഇരുവശത്തുമുള്ള അപ്രോച്ചു റോഡ് നിർമിച്ചിട്ടില്ല. ഇവിടെയുള്ളവർ ദേശീയ പാതയിലെത്താൻ ആശ്രയിച്ചിരുന്നത് ഇതിന് വടക്ക് ഭാഗത്ത് കളപ്പുരക്കൽ ക്ഷേത്രത്തിന് മുന്നിലുള്ള റോഡായിരുന്നു.എന്നാൽ ഈ റോഡ് കലുങ്ക് നിർമാണത്തിനായി കഴിഞ്ഞ ദിവസം പൊളിച്ചതോടെ പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി.രണ്ട് റോഡിലൂടെയും യാത്ര തടസ്സപ്പെട്ടതോടെ ദേശീയ പാതയിലെത്താൻ കിലോ മീറ്ററുകൾ താണ്ടേണ്ട സ്ഥിതിയായി.

ആദ്യം നിർമിച്ച കലുങ്കിൽ അപ്രോച്ചു റോഡ് നിർമിച്ച ശേഷമാണ് തൊട്ടടുത്ത റോഡ് പൊളിച്ചിരുന്നതെങ്കിൽ യാത്രാ ദുരിതം ഒഴിവാകുമായിരുന്നു. 4 കലുങ്കുകൾ നിർമ്മിക്കാൻ പഞ്ചായത്തിൽ നിന്ന് 39 ലക്ഷംരൂപയാണ് അനുവദിച്ചിരിക്കുന്നത്. മേയ് 31 ന് മുമ്പ് ഇവയുടെ നിർമാണം പൂർത്തിയാക്കാനാണ് നിർദേശം . ഇതോടെ ഇനി മഴയെത്തുടർന്ന് നിർമ്മാണ പ്രവർത്തനം നീണ്ടു പോയാൽ യാത്രാ ദുരിതം വീണ്ടും വർദ്ധിക്കും.