അരൂർ: എണ്ണമറ്റ അസൗകര്യങ്ങളുടെ നടുവിൽ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ് അരൂരിലെ അഗ്നി രക്ഷാനിലയം. അവയിൽ അടിയന്തര പ്രാധാന്യമുള്ളതാണ് സ്റ്റേഷന് ഒരു സ്വന്തം കെട്ടിടമെന്നത്. അരൂർ വ്യവസായ എസ്റ്റേറ്റിൽ കെ .എസ്.ഇ.ബി അങ്കണത്തിലെ ചെറിയ ഒരു വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
കെട്ടിടനിർമ്മാണത്തിന് വർഷങ്ങൾക്ക് മുൻപേ ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തിയെങ്കിലും തുടർ നടപടികൾ ഇതുവരെയായില്ല.
നാട്ടുകാരുടെയും വ്യവസായികളുടെയും നിരന്തര മുറവിളികൾക്കൊടുവിൽ 2018 ഏപ്രിൽ 9നാണ് അരൂരിൽ ഫയർ സ്റ്റേഷൻ നിലവിൽ വന്നത്. ഒരു വർഷത്തിനുള്ളിൽ ആധുനിക കെട്ടിടം നിർമ്മിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നതാണ്. സ്റ്റേഷൻ ഓഫീസർ അടക്കം 31 ജീവനക്കാരാണ് ഇവിടെയുള്ളത്. ഒരു പാർടൈം സ്വീപ്പറുമുണ്ട്.
അനുദിനം വളരുന്ന അരൂർ കോടിക്കണക്കിന് രൂപ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ ഈറ്റില്ലവുമാണ്. അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ചെറുതും വലതുമായ 100 ഓളം വ്യവസായ സ്ഥാപനങ്ങളാണ് ഉള്ളത്.
സ്ഥലമുണ്ട്, പണവുമുണ്ട്
അരൂർ മുക്കത്ത് സംസ്ഥാന പാതയ്ക്കരികിലെ പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കേണ്ടത്. എ.എം. ആരിഫ് എം.എൽ.എ. ആയിരിക്കെയാണ് 2019 ലെ ബഡ്ജറ്റിൽ 2.90 കോടി വകയിരുത്തിയത്. ആകെയുള്ള 27 സെൻറ് ഭൂമിയിൽ 13.5 സെന്റ് കായൽ പുറമ്പോക്കും 13.5 സെന്റ് പുരയിടവുമാണ്. എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും സ്ഥല സൗകര്യത്തിന്റെ പേരിൽ നിർമ്മാണ നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. പൊതു മരാമത്ത് വകുപ്പിനാണ് കെട്ടിട നിർമ്മാണ ചുമതല. എന്നാൽ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലമാകട്ടെ നിലവിൽ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയ സ്ഥിതിയാണ്.
..............................
അരൂർ ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഇതിന്റെ ഭാഗമായി ഫയർ ഫോഴ്സ്, പി.ഡബ്ലിയു.ഡി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചു ചേർക്കും.
ദെലീമ ജോജോ എം.എൽ.എ
അരൂരിൽ ആധുനിക സൗകര്യങ്ങളോടെ ഫയർ സ്റ്റേഷൻ ഉടൻ നിർമ്മിക്കണം. പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങിയാൽ പ്രക്ഷോഭമാരംഭിക്കും. എൽ. ഡി. എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയിട്ടും നിർമാണം തുടങ്ങാത്തതിന് പിന്നിൽ ചില അജണ്ടകളുണ്ട്.
റെജി റാഫേൽ, സെക്രട്ടറി,ജെ.എസ്.എസ് അരൂർ നിയോജക മണ്ഡലം