
കായംകുളം: കായംകുളത്ത് നിർമ്മാണം പൂർത്തീകരിച്ച കൂട്ടുംവാതുക്കൽ കടവ് പാലം,പാർക്ക് ജംഗ്ഷൻ പാലം എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയക്ക് 12.30 നും ഒരു മണിയ്ക്കുമായി മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എ എം ആരിഫ് എം.പി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. 40 കോടി രൂപ വിനിയോഗിച്ചാണ് ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മിച്ചിട്ടുള്ളത്. 320 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന്റെ രൂപഭംഗി കൂട്ടുന്നതിനായി 5 വലിയ ആർച്ചുകൾ നൽകിയിട്ടുണ്ട്. പാലത്തിന്റെ ഇരുകരകളിലും 500 മീറ്റർ വീതം നീളത്തിൽ ബി എം ആന്റ് ബി സി രീതിയിൽ അപ്രോച്ച് റോഡും നിർമ്മിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി , ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്ന കുമാരി, തുടങ്ങിയവർ പങ്കെടുക്കും.
5.46 കോടി രൂപ വിനിയോഗിച്ചാണ് കരിപ്പുഴ തോടിന് കുറുകെയുള്ള പാർക്ക് ജംഗ്ഷൻ പാലം നിർമ്മിച്ചത്. 1938 ൽ നിർമ്മിച്ചതായിരുന്നു പഴയ പാലം. ഈ പാലത്തിന് വീതി കുറവായിരുന്നതിനാൽ ദിവസവും വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുമായിരുന്നു. 11 മീറ്റർ വീതിയിൽ ഇരുവശവും നടപ്പാതയോടുകൂടിയാണ് പുതിയ പാലം നിർമ്മിച്ചിട്ടുള്ളത്. 20.60 മീറ്ററാണ് നീളം പാലത്തിന്റെ രൂപഭംഗിക്കായി വശങ്ങളിൽ നാല് വലിയ ഗോപുരങ്ങളും നിർമ്മിച്ചിട്ടുണ്ട്. പാലം തുറന്ന് കൊടുക്കുന്ന തോടെ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
നഗരസഭ ചെയർപേഴ്സൺ പി.ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.