ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കടവുങ്കൽ സീന (മേരി) വധക്കേസിൽ പ്രതിയായിരുന്ന ഭർത്താവ് സെബാസ്റ്റ്യനെ ആലപ്പുഴ ജില്ലാ അഡീഷണൽ സെക്ഷൻ കോടതി ഒന്ന് ജഡ്ജ് എ.ഇജാസ് വെറുതെവിട്ടു. 2014 ഡിസംബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം . കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടനിലയിലായിരുന്നു മൃതദേഹം. ഭർത്താവ് സെബാസ്​റ്റ്യനെ പ്രതിയാക്കിയാണ് അർത്തുങ്കൽ പൊലീസ് രജിസ്​റ്റർ ചെയ്തിരുന്നത്. 29 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ മുഖ്യസാക്ഷികളെല്ലാം കൂറുമാറി. ഡി.എൻ.എ സാമ്പിളും വിരലടയാളവുമടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണമെങ്കിലും ശക്തമായ തെളിവുകളില്ലാതെ വന്നതോടെയാണ് പ്രതിയെ വെറുതെവിട്ടത്. പ്രതിക്കായി അഡ്വ.പി.എസ്.സുരരാജ് ഹാജരായി.