
ചെന്നിത്തല: മാവേലിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചെന്നിത്തല പാടശേഖരത്തിൽ വേനൽമഴയും മടവീഴ്ചമൂലവും കൃഷിനാശം സംഭവിച്ച പാടശേഖരങ്ങൾ മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. ചെന്നിത്തല പഞ്ചായത്തിലെ കൂടുതൽ കൃഷിനാശം സംഭവിച്ച ഒന്നുമുതൽ നാല് വരെയും ഒമ്പത് മുതൽ പതിനാലുവരെയുമുള്ള ബ്ലോക്ക് പാടശേഖരങ്ങളിലെ നാശനഷ്ടങ്ങൾ നേരിൽകണ്ട് വിലയിരുത്തി. മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എൻ.ഇന്ദിരാ ദാസ്, വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് അംഗം ഉമാതാരാനാഥ്, എ.ഡി.എ രശ്മി സി.ആർ, ചെന്നിത്തല കൃഷി ഓഫീസർ അദ്രിക, അസി.കൃഷി ഓഫീസർ അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. പാടശേഖര സമിതികളുടെ ഭാരവാഹികളായ ജോർജ്ജ്, റോയി, ഉത്തമം, മനോജ്, ബിജുകുമാർ കുന്നേൽ, സബിത മണികണ്ഠൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പതിനാലാം ബ്ലോക്കിലെ നേത്രവരി പാടത്ത് മടവീഴ്ചയുണ്ടായ ഭാഗം മണൽചാക്കുകൾ അടുക്കി താത്കാലികമായി മടകെട്ടിയെങ്കിലും കർഷകർ ആശങ്കയിലാണ്. പായിപ്പാട് ഭാഗത്ത് മുട്ട് തുറന്ന് വെള്ളം പുറത്തേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുക്കിയതിനാൽ പാടശേഖരങ്ങളിലെ ജലനിരപ്പ് കുറയുന്നതായി ചെന്നിത്തല കൃഷിഓഫീസർ അദ്രിക പറഞ്ഞു. മടവീഴ്ച ഭീഷണിനേരിടുന്ന ഭാഗങ്ങളിൽ ആവശ്യമായ മുൻകരുതലുകളും എടുത്തതായി കൃഷി ഓഫീസർ പറഞ്ഞു.