
ചേർത്തല: കാൽ നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിക്ക് പരിക്കേറ്റു. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ പാലോടത്ത് വെളി പരേതനായ സതീശന്റെ ഭാര്യ ഓമന (57)ആണ് ബൈക്കിടിച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന പേരക്കുട്ടിയായ ഒന്നരവയസുകാരൻ ധ്രുവജിത്തിന് തലയ്ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ ദേശീയപാതയിൽ മായിത്തറ പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം. പേരക്കുട്ടിയുമാെത്ത് വരുന്നതിനിടെ വടക്ക് ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പേരക്കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം ഐ.സി.എച്ചിലേയ്ക്ക് മാറ്റി. ഓമനയുടെ സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.മക്കൾ: സ്മിത(ലാബ് ടെക്നീഷ്യൻ, ചെട്ടികാട്, താലൂക്ക് ആശുപത്രി),സജിത്ത്. മരുമക്കൾ: ബിസ്മി സജിത്ത്, സുരേഷ്.