ആലപ്പുഴ: ജില്ലാകോടതി-പുന്നമട റോഡ് നിർമ്മാണത്തിലെ അപാകതയിൽ ദുരിതത്തിലായി പുന്നമട ഫിനിഷിംഗ് പോയിന്റ് നിവാസികൾ. വേനൽമഴയിൽ പുന്നമട ഫിനിഷിംഗ് പോയന്റിലെ രാജീവ് ജെട്ടിയുടെ വടക്ക് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. റോഡ് നിർമ്മാണത്തിനായി കൊണ്ടുവന്ന മെറ്റലും മണൽ പൊടിയും വീണ് കാന അടഞ്ഞതിനെ തുടർന്നാണ് വേനൽ മഴയിൽ പ്രദേശം വെള്ളക്കെട്ടിലായത്. പത്തോളം വീടുകൾ ഭൂരിഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പുന്നമട ഫിനിഷിംഗ് പോയന്റിന് വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച് വാടക്കനാലുമായി ബന്ധപെട്ട കാനയാണ് അടഞ്ഞത്. മഴക്കാലത്ത് പ്രദേശത്ത് അധികജലം ഒഴുകി വാടക്കനാലിൽ പതിക്കുന്നത് ഈ കാനയിലൂടെയാണ്. പൊതുവരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. തകർന്ന് കിടക്കുന്ന റോഡ് പുനരുദ്ധാരണ പ്രവർത്തനത്തിന്റെ അന്തിമഘട്ടത്തിലാണ്. വെള്ളം കെട്ടികിടക്കുന്നതിനാൽ ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

........

#പാരാതിക്ക് വിലയില്ല

റോഡ് നിർമ്മാണത്തെ തുടർന്ന് അടഞ്ഞ കാനയിൽ വീണ മെറ്റലുകൾ നീക്കം ചെയ്യണമെന്ന് നിരവധി തവണയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പ്രദേശവാസികൾ പരാതി നൽകിയത്. എന്നാൽ പരാതിയിൽമേൽ ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വർഷങ്ങൾ പഴക്കുമുള്ള കാനയാണ് ഇത്. കാനയുടെ മുകൾ ഭാഗത്തെ സ്ളാബിന്റെ പലഭാഗങ്ങളും തകർന്ന നിലയിലാണ്. ഇതിന് മുകളിലാണ് റോഡ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ ഇറക്കിയിരിക്കുന്നത്.

.......

" ജില്ലാകോടതി-പുന്നമട റോഡിലെ കാനയിലെ നീരൊഴുക്ക് സുഗമമാക്കാൻ പൊതുവരാമത്ത് വകുപ്പും നഗരസഭയും നടപടി സ്വീകരിക്കണം. കാനയിൽ വീണ മെറ്റലും മറ്റ് നിർമ്മാണ സാമഗ്രഹികളും നീക്കംചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണം.

ജോസ് ആറാത്തുംപള്ളി (പ്രസിഡന്റ്), പി.എസ്. സുമേഷ് കുമാർ (സെക്രട്ടറി)

ജനസേവിനി നഗർ റസിഡൻസ് അസോസിയേഷൻ.