ആലപ്പുഴ: കുടിവെള്ളം ഇന്നലെ എത്തിത്തുടങ്ങുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി. ഇന്നലെ പകലാണ് പമ്പിംഗ് പുന:രാരംഭിക്കാൻ സാധിച്ചത്. ടാങ്കിൽ വെള്ളം നിറയുന്നതോടെ അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഇന്ന് മുതൽ ജലവിതരണം പൂർണതോതിലാകുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മെയിനിൽ തകഴി ഭാഗത്ത് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ജലവിതരണം നിർത്തിവച്ചത്. പ്രതീക്ഷിച്ചതിലും വൈകിയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഇതോടെ പല വാർഡുകളിലും കുടിവെള്ളത്തിന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. കുഴൽക്കിണറുപയോഗിച്ചുള്ള പമ്പിംഗ് എല്ലാ വീടുകൾക്കും ലഭ്യമായിരുന്നില്ല. കഴിഞ്ഞയാഴ്ച്ച കുടിവെള്ള പൈപ്പിൽ നിന്നും ലഭിച്ച ജലത്തിന് ദുർഗന്ധം അനുഭവപ്പെട്ട പ്രദേശങ്ങളിൽ പ്രശ്നം ആവർത്തിക്കുന്നുണ്ടോയെന്ന് ഇന്ന് വെള്ളം വന്ന ശേഷമേ വ്യക്തമാകൂ. പ്രശ്നം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് വാട്ടർ അതോറിട്ടി ഉറപ്പ് നൽകിയിട്ടുണ്ട്. ദുർഗന്ധം ലഭിക്കുന്ന വെള്ളം തുടർന്നും ലഭിച്ചാൽ സമര മാർഗങ്ങളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് ജനം.

...........................................

ഇന്നലെ പമ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ കുടിവെള്ളം പൂർണമായി ലഭിച്ചുതുടങ്ങും.

എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിട്ടി