
മാവേലിക്കര: നഗരം കാർഷിക മതിലിലൂടെ ലോക നെറുകയിലേക്ക് എത്തിപ്പെടുന്ന ചരിത്ര നിമിഷമാണ് 24ന് വൈകിട്ട് 4ന് കാർഷിക മതിൽ നിർമ്മാണം പൂർത്തീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ കാർഷിക മതിലായി വേൾഡ് ബുക്ക്സ് ഒഫ് റെക്കോഡ്സ് അംഗീകരിക്കുന്നതിനായി കേരള കോൺഗ്രസിന്റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. പുതിയകാവ് ജംഗ്ഷൻ മുതൽ മാവേലിക്കര മിച്ചൽ ജംഗ്ഷൻ വഴി വടക്കോട്ട് ഒരു കിലോമീറ്റർ നീളത്തിലാണ് കാർഷിക മതിൽ നിർമ്മിക്കുന്നത്. അടുക്കള കൃഷിത്തോട്ടം ശക്തിപ്പെടുത്താൻ പച്ചക്കറി ഉത്പാദന രംഗത്ത് പുതിയ ഒരു പരീക്ഷണമാണ് കാർഷിക മതിൽ.
ഇതാണ് കാർഷീക മതിൽ മുന്നോട്ടുവെക്കുന്ന സന്ദേശം. മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് കാർഷിക മതിലിന്റെ ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് കാർഷിക മതിൽ സന്ദർശനത്തിന് ശേഷം മാവേലിക്കര മിച്ചൽ ജംഗ്ഷന് വടക്കു വശത്തായി കാർഷിക മതിൽ സമ്മേളനം നടക്കും. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല മുഖ്യതിഥിയായി പങ്കെടുക്കും. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്.സി കുറ്റിശേരിൽ, നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ്, ടൗൺ മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ, വനിതാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സിബി സിബിൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
കാർഷിക മതിലിന് മുന്നോടിയായി കേരള കോൺഗ്രസ് മാവേലിക്കര നഗരത്തിൽ കാർഷിക മതിലിന്റെ ട്രയൽ റൺ നടത്തിയിരുന്നു. 50 മീറ്റർ നീളത്തിൽ കാർഷിക മതിൽ നിർമ്മിക്കുവാൻ 48 മിനിറ്റെടുത്തു. ഇതുപ്രകാരം ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്നതിന് 16 മണിക്കൂർ വേണ്ടി വരുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്. സി.കുറ്റിശ്ശേരിൽ അറിയിച്ചു. ട്രയൽ റണിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആണ് നിർവ്വഹിച്ചത്.
കൃഷിയുടെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ ഉപകരിക്കുന്നതാണ് കാർഷിക മതിൽ. ജനങ്ങൾക്ക് കാർഷിക ഉണർവ് നൽകുന്നതിനും കാർഷിക മതിൽ സഹായകരമാകും. ശ്രമകരമായ ദൗത്യമാണ് കേരള കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് നേതാവ് തോമസ് സി.കുറ്റിശ്ശേരി അടക്കമുള്ള നേതാക്കലെ അഭിനന്ദിക്കുന്നു. വേൾഡ് ബുക്ക് ഓഫ് റിക്കോഡ്സിലേക്ക് കടന്നുവരാൻ സാധ്യതയുള്ള ഈ പരിപാടി ഓണാട്ടുകരക്ക് തന്നെ അഭിമാനമാണ്.
കെ.ആർ.മുരളീധരൻ,
മുൻ, നഗരസഭ ചെയർമാൻ.
മാവേലിക്കര നഗരസഭയിൽ നടക്കുന്ന ഈ കാർഷിക മതിൽ നഗരത്തിലെ കാർഷിക മേഖലയുടെ വികസനത്തിന് ഗുണകരമായി ഭവിക്കും. ഇത് ഒരു തുടക്കമായി എടുത്ത് നഗരസഭയിലെ മുഴുവൻ വാർഡുകലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നഗരസഭയിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുവാനും വീട്ടുകാരെ കാർഷിക അഭിരുചിയുള്ളവരായി മാറ്റുവാനും ഈ പദ്ധതിയിലൂടെ കഴിയട്ടെ എന്നും ആശംസിക്കുന്നു.
കെ.വി.ശ്രീകുമാർ,
നഗരസഭ ചെയർമാൻ.