
ആലപ്പുഴ: പുഞ്ചകൃഷിക്ക് ഭീഷണിയായ ഉപ്പുവെള്ളം തടയാൻ ജില്ലയിലെ പ്രധാന നീരൊഴുക്ക് ചാലുകൾക്ക് കുറുകെ നിർമ്മിച്ച ഓരുമുട്ടുകൾ നീക്കാത്തത് കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിലെ പാടശേഖരങ്ങളിൽ മടവീഴ്ചക്ക് വഴിയൊരുക്കുന്നു. വേലിയേറ്റത്തിൽ തള്ളിക്കയറുന്ന ഉപ്പുവെള്ളം തടയാൻ മൈനർ ഇറിഗേഷൻ വകുപ്പ് ആറാട്ടുപുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി 49 ഓരുമുട്ടുകളാണ് നിർമ്മിച്ചത്. ചെമ്പുതോട്, കല്പകവാടി തോട്, ത്രാച്ചേരി, മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടാരവളവ്, ഡാണാപ്പടി തോട് എന്നീ തോടുകൾക്ക് കുറുകേയാണ് പ്രധാനമായും ഓരുമുട്ട് നിർമ്മിച്ചിട്ടുള്ളത്.
വൃശ്ചിക വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ, തോട്ടപ്പള്ളി ലീഡിംഗ്ചാനൽ എന്നിവിടങ്ങളിലൂടെയാണ് ഓരുവെള്ളം കൃഷിയിടങ്ങളിൽ കയറിയത്. പായിപ്പാട് അച്ചൻകോവിൽ ആറിന് കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ഓരുമുട്ടു നീക്കം ചെയ്യാത്തതിനാൽ പള്ളിപ്പാട് മുല്ലേമൂല പാടശേഖരത്തിൽ 45.67 ഹെക്ടറും വഴുതാനം പടിഞ്ഞാറ് 113.6 ഹെകടറും മടവീഴ്ചയിൽ നശിച്ചു. കൈനകരി സി ബ്ളോക്കിലെ 600ഏക്കറും മടവീഴ്ചയിൽ മുങ്ങി. വിളവെടുപ്പിന് പത്ത് ദിവസം ശേഷിക്കേയാണ് മടവീണത്.
ഓരുമുട്ടുകൾ
ജില്ലയിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നാലും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564 ഓരുമുട്ടുകളുമാണ് വർഷം തോറും നിർമ്മിക്കുന്നത്.
കരാറുകാരുമായി ഒത്തുകളി
ഓരുമുട്ട് നിർമ്മാണത്തിലും നീക്കം ചെയ്യുന്നതിലും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ആരോപണമുണ്ട്. ഓരുമുട്ട് നീക്കം ചെയ്യണമെന്ന ആവശ്യവുമായി കർഷകർ എത്തുമ്പോൾ മുകൾഭാഗത്തെ മണൽ നീക്കം ചെയ്യും. അടിഭാഗത്തെ മണലും ചെളിയും ചെമ്മണ്ണും നീക്കം ചെയ്യാറില്ല. ഇത് നീരൊഴുക്കിന് തടസമായി നിൽക്കും. മുൻ വർഷം കരാറെടുത്ത ആൾക്കു തന്നെയാകും അടുത്ത വർഷവും ഓരുമുട്ട് നിർമ്മാണത്തിന് കരാർ നൽകുക. ചെറിയ പണി നടത്തി വലിയ തുകയുടെ ബില്ലു മാറിയെടുക്കുകയാണ് പതിവ്.
"വേലിയേറ്റം, വേലിയിറക്കം സമയങ്ങളിൽ ഷട്ടറുകൾ യഥാക്രമം താഴ്ത്തിയും ഉയർത്തിയും ജലനിരപ്പ് ക്രമീകരിക്കണം. ഓരുമുട്ടുകൾ നീക്കം ചെയ്യുമ്പോൾ പൂർണ്ണമായി നീക്കിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെല്ല്-നാളികേര കർഷക ഫെഡറേഷൻ.