
ഹരിപ്പാട്: ഹരിപ്പാട് ആയാപറമ്പിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസിയായ ആറന്മുള സ്വദേശി ജാനകി അമ്മ 90 ന്റെ നിറവിൽ . നാലു മക്കളുള്ള ജാനകിയമ്മയുടെ ഒരു മകൻ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മറ്റു മക്കൾ സംരക്ഷണം നൽകാതെ ഒറ്റപ്പെടുത്തി ഇതിനെതുടർന്ന് ആറന്മുള പൊലീസ് ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു. 2017 മുതൽ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹ വീടിന്റെ സംരക്ഷണയിലാണ് ജാനകി അമ്മ കഴിയുന്നത്. ജാനകിയമ്മയുടെ ജന്മദിനം വളരെ ആവേശപ്പൂർവ്വം ആണ് ഗാന്ധിഭവൻ സംഘടിപ്പിച്ചത്. ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അദ്ധ്യക്ഷത വഹിച്ചു.മലങ്കര കത്തോലിക്കാ മാവേലിക്കര ഭദ്രാസനം അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിഭവനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ആലപ്പുഴ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ എ.ഒ.അബീൻ നിർവഹിച്ചു. ഔഷധ സസ്യ ഉദ്യനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ നിർവഹിച്ചു. വാർഡ് മെമ്പർ എസ്. അനില, അക്കോക്ക് സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട്, ജോയ് ആലുക്കാസ് തിരുവല്ല മാനേജർ ഷെൽട്ടൻ.വി.റാഫേൽ, പ്രൊഫ.ശ്രീമോൻ,സുന്ദരം പ്രഭാകരൻ,എന്നിവർ സംസാരിച്ചു. ചലച്ചിത്ര അവാർഡ് ജേതാവ് രശ്മി അനിൽ നവതി ആശംസകൾ നേരുവാൻ എത്തിയത് ആവേശമായി. ചടങ്ങിൽ ചെറുതന ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 70 വയസിനു മുകളിലുള്ള വയോജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചു. തുടർന്ന് സാമൂഹിക സേവന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം, റാപ്പിഡ് റെസ്ക്യൂ ടീം, സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ്, ഗാർഡിയൻസ് ഓഫ് ദ നേഷൻ, വിശപ്പുരഹിത പദ്ധതി നടപ്പിലാക്കിയ അക്കോക്ക് കായംകുളം, മാവേലിക്കര, ഹരിപ്പാട്, മണ്ഡലം കമ്മിറ്റികൾക്കും, ടി. കെ. എം. എം കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിനും, സ്ത്രീശാക്തീകരണ മേഖലയിലെ മികച്ച സേവനത്തിന് സ്നേഹാദരവുകൾ സമ്മാനിച്ചു . ചടങ്ങിൽ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ സ്വാഗതവും സ്നേഹവീട് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജി.രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു.