ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് വിഷുനാളായ ഇന്ന് കൊടിയേറും. 24 ന് കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊടിമരച്ചുവട്ടിൽ കൊട്ടക്കാഴ്ച സമർപ്പണം നടക്കും. കരുവാറ്റാ തട്ടുപുരയ്ക്കൽ കളരിയ്ക്കൽ ദേവിമുഹൂർത്തി ക്ഷേത്രത്തിലെ കുടുംബ മൂപ്പന്റെ നേതൃത്വത്തിലാണിത്. നാലുമണിയോടെ വിഷുക്കണി ദർശനം തുടങ്ങും, 10 ന് കൊടിക്കൂറ സമർപ്പണം, രാത്രി 8.30 നും 9.14 നും മധ്യേ കൊടിയേറ്റിന് തന്ത്രിമാരായ പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി, കിഴക്കേ പുല്ലാംവഴി കൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 9.15 ന് കൊടിയേറ്റ് സദ്യ, 9.30 മുതൽ സ്വാതിസംഗീതം - മ്യൂസിക്കൽ ഫ്യൂഷൻ, 11.30 ന് ഗാനമേള. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദർശനം നടക്കും. ചിത്തിര ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങാണിത്. ഈ ദിവസങ്ങളിൽ രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളത്ത്, രാത്രി 9.45 ന് വിളക്ക് എഴുന്നള്ളത്ത് എന്നിവ നടക്കും. രണ്ടു മുതൽ ഒമ്പതുവരെയുള്ള ഉത്സവത്തിന് വൈകിട്ട് ആറിന് വേലകളിയും തുടർന്ന് സേവയും നടക്കും. ഒമ്പതാം ഉത്സവത്തിന് രാത്രി 10 മണിയോടെ വലിയ കാണിക്ക ആരംഭിക്കം. പിന്നാലെ തിരുവിലഞ്ഞാൽ ദേവീക്ഷേത്രം, കന്യാട്ടുകുളങ്ങര ക്ഷേത്രം, തൃപ്പക്കുടം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള എഴുന്നള്ളത്തുകൾ ഹരിപ്പാട്ടെത്തും. വിഷു നാളിലെ പ്രധാന കൊടിയേറ്റിന് പിന്നാലെ മൂന്നാം ഉത്സവത്തിന് കീഴ്തൃക്കോവിലിലും അഞ്ചാം ഉത്സവത്തിന് തിരുവമ്പാടി കണ്ണന്റെ നടയിലും കൊടിയേറും. പ്രധാന കൊടിയേറ്റ് സ്വർണ കൊടിമരത്തിലാണെങ്കിലും മറ്റു കൊടിയേറ്റുകൾക്ക് താത്കാലികമായി കൊടിമരം ഉയർത്തുകയാണ് പതിവ്. മൂന്നു കൊടിയേറ്റുകളുടെയും ആറാട്ട് ഒന്നിച്ചാണ് നടത്തുന്നത്.