
അരൂർ : അപകടങ്ങൾ ഉണ്ടാകുമ്പോൾ സർവസന്നാഹത്തോടെ പാഞ്ഞെത്തേണ്ട, ഫയർ സ്റ്റേഷനുകളിലെ വാഹനങ്ങൾ ഇൻഷ്വറൻസ് പുതുക്കാത്തതിനാൽ നിരത്തിലിറക്കാൻ കഴിയാത്ത സ്ഥിതിയിൽ. ജില്ലയിലെ മിക്ക ഫയർ സ്റ്റേഷനുകളിലെയും വാഹനങ്ങളാണ് ആഴ്ചകളായി സേവനത്തിൽ നിന്ന് മാറ്റിയിട്ടിട്ടുള്ളത്.
ഇൻഷ്വറൻസ് പുതുക്കാനുള്ള ഫണ്ട് ഈ സാമ്പത്തിക വർഷം സർക്കാരിൽ നിന്ന് ലഭ്യമാകാൻ വൈകുന്നതാണ് കാരണം. സ്റ്റേഷനുകളിൽ നിന്ന് യഥാസമയം പേപ്പർ ജോലികൾ പൂർത്തീകരിച്ച് വകുപ്പിൽ നൽകിയെങ്കിലും ഇൻഷ്വറൻസ് പോളിസിക്കുള്ള തുക അനുവദിച്ചിട്ടില്ല. ചില സ്റ്റേഷനുകളിൽ മേലുദ്യോഗസ്ഥന്റെ പോക്കറ്റിൽ നിന്ന് പണം മുടക്കി ഇൻഷ്വറൻസ് പുതുക്കിയാണ് അത്യാവശ്യത്തിനായി പ്രധാന വാഹനങൾ നിരത്തിലിറക്കിയത്. ആകെ 6 വാഹനങ്ങളാണ് അരൂർ അഗ്നി രക്ഷാ നിലയത്തിലുള്ളത്. അതിൽ 4 വാഹനങ്ങളുടെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞിട്ട് നാളുകൾ ഏറെയായി. നിത്യേന അപകടങ്ങൾ ഏറെയുള്ള മേഖലകളാണ് ജില്ലയിൽ ഭൂരിഭാഗവും. ഫയർഫോഴ്സ് വാഹനങ്ങൾക്ക് ഇൻഷ്വറൻസ് ഇല്ലാത്തത് രക്ഷാപ്രവർത്തനം അവതാളത്തിലാക്കും.
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഫയർ സ്റ്റേഷനുകളിലെ വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കുന്നതിൽ കാലതാമസം നേരിട്ടത് . സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമായിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കും
- കെ ആർ.അഭിലാഷ്, ജില്ലാ ഫയർ ഓഫീസർ, ആലപ്പുഴ