ആലപ്പുഴ: എ.ഐ.എസ്.എഫിന്റെ 45-ാം സംസ്ഥാന സമ്മേളനം 18,19 തീയതികളിൽ ആലപ്പുഴ ടി.വി.തോമസ് സ്മാരക ടൗൺ ഹാളിൽ (സി.കെ.സതീഷ്‌കുമാർ നഗർ) നടക്കും.341പ്രതിനിധികൾ പങ്കെടുക്കും. 24 വർഷങ്ങൾക്ക് ശേഷം ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 7.30ന് വയലാറിൽ സി.കെ.സതീഷ് കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥ മന്ത്രി ജി.ആർ.അനിലും രാവിലെ എട്ടിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ പ്രയാണം മന്ത്രി കെ.രാജനും ഉദ്ഘാടനം ചെയ്യും. പതാക ജാഥയ്ക്ക് നിമിഷാ രാജുവും ദീപശിഖാ പ്രയാണത്തിന് മോഹിതാ മോഹനും ക്യാപ്ടൻമാരായിരിക്കും. മുൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് ദീപശിഖയും മുൻ സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ പതാകയും ഏറ്റുവാങ്ങും. തുടർന്ന് സംസ്ഥാന പ്രസിഡന്റ് പി.കബീർ പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജെ.അരുൺബാബു റിപ്പോർട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസ്, ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്റ് ശുഭം ബാനർജി, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് സാംസ്‌കാരിക സദസ് സി.പി.ഐ ദേശിയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിക്കും. 19ന് രാവിലെ 10ന് 'ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുമ്പോൾ ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പി.സന്തോഷ് കുമാർ എം.പി മോഡറേറ്ററാകും. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി, നേതാക്കളായ കെ.ഇ.ഇസ്മായിൽ, കെ.പ്രകാശ് ബാബു, കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ പി.പ്രസാദ്, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കബീർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻദാസ്, ജില്ലാ പ്രസിഡന്റ് യു.അമൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ എന്നിവരും പങ്കെടുത്തു.