ആലപ്പുഴ: മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭയിലെ 52 വാർഡുകളിലും മാസ് ക്ലീനിംഗ് ആരംഭിച്ചു. കൊതുക്, ജലജന്യരോഗങ്ങൾ പ്രതിരോധിക്കുന്നതിന് വാർഡുകൾതോറും സ്‌പ്രേയിംഗും നിശ്ചിത ഇടവേളകളിൽ നടത്തും. ഓരോ വീടും പരിസരവും അതാത് വീട്ടുകാർ തന്നെ ശുചീകരിക്കുന്നതിന് വേണ്ട ബോധവൽകരണവും നിർദ്ദേശങ്ങളും നൽകും.
40 പേരടങ്ങുന്ന ഗ്രൂപ്പുകളായി തൊഴിലുറപ്പ് തൊഴിലാളികളെ തിരിച്ച് ഓരോ വാർഡിലും രണ്ടു ദിവസം നിയോഗിക്കും. ശുചീകരണം നാളെ ആരംഭിച്ച് മേയ് 25ന് അവസാനിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള ''തെളിനീരൊഴുകും നവകേരളം'', ''പുനർജനി'' പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. നഗരസഭയുടെ 5 സർക്കിളുകളിലും ഒരേസമയം നടത്തുന്ന പ്രവർത്തനങ്ങളിലൂടെയും, ജനകീയ പങ്കാളിത്തത്തോടെയും വെള്ളക്കെട്ട് ഭീഷണിയിൽ നിന്നും ജലജന്യരോഗങ്ങളിൽ നിന്നും മുക്തിനേടും. പദ്ധതിയുടെ ആദ്യ ഘട്ടമായ തോടുകളുടെ നവീകരണം നടന്നു വരികയാണ്. നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിൽ ഹെൽത്ത് ഇൻസപെക്ടർ ഹർഷിദ് പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ ബി. അജേഷ്, ഗോപിക വിജയപ്രസാദ്, മോനിഷ, ഹെലൻഫെർണാണ്ടസ്, സിമി ഷാഫിഖാൻ, ക്ലാരമ്മപീറ്റർ, ഹരികൃഷ്ണൻ, മനു ഉപേന്ദ്രൻ, എച്ച്.ഐ സുമേഷ് പവിത്രൻ, അയ്യങ്കാളി തൊഴിലുറപ്പ് ജീവനക്കാരായ ലീന, ഷംഷ തുടങ്ങിയവർ സംസാരിച്ചു.