ചേർത്തല :ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിറച്ചാർത്ത് ഒരുക്കുന്ന ഒമ്പതാം ക്ലാസുകാരിയുടെ ചിത്രപ്രദർശനമൊരുക്കി ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി. സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയും അദ്ധ്യാപകനായ വെച്ചൂർ കാട്ടേഴത്ത് ഷിബുവെച്ചൂരിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫാർമസിസ്റ്റ് വി.കെ.ഷീജയുടെയും മകളായ കെ.എസ്.നിളയാണ് നിറച്ചാർത്തൊരുക്കുന്നത്. പഠനത്തിന്റെ ഇടവേളകളിൽ ഒരുക്കിയ 60 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രായത്തിന്റെ അതിരുകൾ കടന്ന പ്രാധാന്യമുള്ള ചിത്രങ്ങളാണ് നിളയുടേതെന്ന് സൊസൈറ്റി ചെയർമാൻ ആർട്ടിസ്റ്റ് പി.ജി.ഗോപകുമാറും പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു.17നും 18നുമായി ചേർത്തല ഗവ. ടൗൺ എൽ.പി സ്‌കൂളിലാണ് പ്രദർശനം.ഇന്ന് രാവിലെ 9ന് സിനിമാതാരം അനൂപ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡോ.തോമസ് വി.പുളിക്കൻ അദ്ധ്യക്ഷനാകും.ചിത്ര രചനയിൽ ചിക്കൂസ് ശിവൻ ക്ലാസെടുക്കും.വൈകിട്ട് ആറുവരെയാണ് പ്രദർശനം.