ആലപ്പുഴ: നഗരത്തിൽ വൈറ്റ് ടോപ്പിംഗും പാലങ്ങളുടെ പുതുക്കി പണിയും വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ വിവിധ സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു. മൂന്ന് മാസമായി വൈറ്റ് ടോപ്പിംഗ് നടത്തിയ ഭാഗത്ത് ടൈൽ പാകാത്തതിനാൽ വാഹനങ്ങൾ റോഡിന്റെ മദ്ധ്യഭാഗത്ത് അനധികൃത പാർക്കിംഗ് വ്യാപകമാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയാണ് വൈറ്റ് ടോപ്പിംഗിലൂടെ റോഡ് പുതുക്കി പണിയുന്നത്. കോൺക്രീറ്റ് ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. കാനയുടെ ഇടയിലുള്ള ഭാഗത്തെ ടൈൽപാകുന്ന ജോലി ആരംഭിക്കാത്തതാണ് ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നത്. റോഡ് നവീകരണത്തിന്റെ മറവിൽ കെ.എസ്.ആർ.ടി.സി തോന്നിയപടിയ സർവീസ് നടത്തുന്നതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
..........
# വൈകുന്ന നിർമ്മാണങ്ങൾ
ശവക്കോട്ട, കൊമ്മാടി, മുപ്പാലം പുതുക്കി , ജില്ലാകോടതി പാലങ്ങൾ പണിയാനുള്ള നിർമ്മാണം ഇഴയുകയാണ്. ജില്ലാ കോടതിപ്പാലം ഒഴികെ മൂന്ന് പാലങ്ങളും പൊളിച്ചു. ശവക്കോട്ടപ്പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചിട്ട് ആറുമാസം പിന്നിട്ടു. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാത്തതിനാൽ പാലം സഞ്ചാരത്തിന് തുറക്കാൻ കഴിയാത്തത്. കൊമ്മാടിപ്പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായില്ല. മുപ്പാലത്തിന്റെ നിർമ്മാണം സാങ്കേതിക കാരണങ്ങളിൽ തട്ടി നിൽക്കുകയാണ്.
.......
"റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണം ഇഴയുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയിലാണ്. പൊതുവരാമത്ത് വകുപ്പിന്റെ അലംഭാവവും അവഗണനയും തുടർന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും.
എ.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി, കെ.പി.സി.സി
"വൈറ്റ്‌ടോപ്പിംഗ് പാലങ്ങളുടെ പുതുക്കിപണിയൽ ജോലികൾ നടക്കുന്നതിന്റെ മറവിൽ യാത്രക്കാരെ വലക്കുന്ന സമീപനമാണ് കെ.എസ്.ആർ.ടി.സി അധികാരികൾ സ്വീകരിക്കുന്നത്. അനധികൃത പാർക്കിംഗിനെതിരെ പൊലീസ് നടപടി എടുക്കാത്തതാണ് ഗതാഗതകുരുക്കിന് കാരണം.
മനോജ് കുമാർ, പഴവീട്.
'റോഡുകൾ ഒന്നിച്ച് പൊളിക്കുന്നത് വ്യാപാരസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയും ഗതാഗതകുരുക്കുണ്ടാക്കുകയും ചെയ്യും. കൊവിഡിന് ശേഷം വന്ന വിഷു, ഈസ്റ്റർ, പെരുന്നാൾ ആഘോഷങ്ങൾ മുൻകൂട്ടിക്കൊണ്ട് നിർമ്മാണം പൂർത്തികരിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
നസീർ പുന്നക്കൽ, ജില്ലാ പ്രസിഡന്റ്, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ