ആലപ്പുഴ: വിലക്കുകളും നിർദേശങ്ങളും അവഗണിച്ച് ജനവാസ കേന്ദ്രങ്ങളിൽ മാംസാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് തെരുവ് നായശല്യം രൂക്ഷമാക്കുന്നു. ആറാട്ടുവഴി, ശവക്കോട്ടപ്പാലം, മാളികമുക്ക്, വെള്ളാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രി കാലങ്ങളിൽ സ്ഥിരമായി മാലിന്യ നിക്ഷേപം. നഗരസഭയുടെ നൈറ്റ് സ്ക്വാഡ് വ്യാപകമായിട്ട് പോലും മാലിന്യ നിക്ഷേപത്തിന് പൂർണമായും പൂട്ടിടാൻ സാധിച്ചിട്ടില്ല. സ്ഥിരമായി ഒരേ സ്ഥലത്ത് മാംസാവശിഷ്ടങ്ങൾ എത്തിക്കുന്നതിനാൽ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നായ ശല്യവും പെരുകുകയാണ്. എ.ബി.സി പദ്ധതിയുടെ അഭാവത്തിൽ നിയന്ത്രണങ്ങളില്ലാതെ വിലസുന്ന തെരുവുനായ്ക്കളുടെ കൂട്ടം നഗരത്തിലെ പല ഭാഗങ്ങളിലും ആധിപത്യം സ്ഥാപിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. കുട്ടികളടക്കം നിരവധിപ്പേരാണ് ആക്രമണത്തിന് ഇരയായത്. നിലവിൽ നായയുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവ് വന്നിട്ടുണ്ടെങ്കിലും, ഇവ ഉയർത്തുന്ന ഭീഷണി വലുതാണെന്ന് പ്രദേശവാസികൾ പറയുന്നു.എ.ബി.സി പദ്ധതി പുനരാരംഭിക്കുമെന്ന് ഇത്തവണത്തെ നഗരസഭാ ബഡ്ജറ്റ് പ്രഖ്യാപനമുണ്ടെങ്കിലും ഹൈക്കോടതി വിധി തടസമായി നിൽക്കുകയാണ്.
.......
കാനകളോട് ചേർന്ന് പോലും മാംസവശിഷ്ടങ്ങൾ നിക്ഷേപിക്കുകയാണ്. അഴകോടെ ആലപ്പുഴ കാമ്പയിൻ നടക്കുന്ന നഗരത്തിൽ ഇത്തരം പ്രവൃത്തികൾ പേരുദോഷമാവുകയാണ്. മൃഗസ്നേഹത്തിന്റെ പേരിൽ വഴിയോരത്ത് ഭക്ഷണം വിതറുന്നതും നായ്ക്കൾ കൂട്ടം കൂടിയെത്താൻ കാരണമാകുന്നു.
സാജു, ആറാട്ടുവഴി