ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യുണിയൻ ആരംഭിച്ച സാമൂഹ്യ ക്ഷേമനിധി സമാഹരണത്തിന് വണ്ടാനം - നീർക്കുന്നം 245-ാം നമ്പർ ശാഖയിൽ തുടക്കമായി. രോഗ പീഡയ്ക്ക്, അത്യാഹിതങ്ങൾ, സാമ്പത്തിക പരാധീനതകൾ തുടങ്ങി കഷ്ടപ്പെടുന്നവരെ സമാശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാനാണ് എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ ക്ഷേമനിധി സമാഹരണത്തിന് തുടക്കമായത്. ഇതിലൂടെ ലഭിക്കുന്ന പണം സമുദായത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായും രോഗികൾക്കുള്ള ചികിത്സാ സഹായമായും ചെലവഴിക്കും.ശാഖയിൽ നടന്ന ചടങ്ങിൽ താലൂക് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഷിബി ശശിധരനിൽ നിന്ന് ഇതിനായുള്ള ആദ്യ തുക യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഏറ്റുവാങ്ങി.ശാഖാ യോഗം പ്രസിഡന്റ് കുഞ്ഞുമോൻ കമ്പിയിൽ അദ്ധ്യക്ഷത വഹിച്ചു.ശാഖയ്ക്ക് കീഴിലെ 1100 ഓളം കുടുംബങ്ങളിൽ വിഷുക്കൈനീട്ടവും എത്തിച്ചു. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അമൽ പ്രസന്നനെ ചടങ്ങിൽ ആദരിച്ചു.ശാഖാ വൈസ് പ്രസിഡന്റ് ഗോപി ,സെക്രട്ടറി ബി.ഷാജി, യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.ശൈലേന്ദ്രൻ, നീലാംബരൻ എന്നിവർ സംസാരിച്ചു.