photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെ ആഭിമുഖ്യത്തിൽ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മൂന്നാം ഘട്ട മൈക്രോഫിനാൻസ് വായ്പാ വിതരണത്തിന്റെയും ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനും മുന്നോടിയായി യൂത്ത്മൂവ്മെന്റ് വാഹന വിളംബര ഘോഷയാത്ര നടത്തി. പൂച്ചാക്കൽ കമ്യൂണി​റ്റി ഹാളിൽ 22 ന് വൈകിട്ട് 4 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്യും.യൂത്ത് മൂവ്‌മെന്റ് ചേർത്തല യൂണിയൻ സമിതിയുടെയും പാണാവള്ളി പഞ്ചായത്ത് മേഖല സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്.ചെങ്ങണ്ടയിൽ നിന്നും ആരംഭിച്ച ജാഥ അരുക്കി​റ്റി മാത്താനം ക്ഷേത്രസന്നിധിയിൽ അവസാനിച്ചു. ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ​ടി.അനിയപ്പൻ ഫ്ളാഗ് ഒഫ് ചെയ്തു.യൂത്ത് മൂവ്‌മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗം ബൈജു അറുകുഴി,യൂണിയൻ മുൻ കൗൺസിലർ ബിജു ദാസ്,യൂത്ത് മൂവ്‌മെന്റ് ജില്ല കമ്മ​റ്റി അംഗം പ്രിൻസ് പള്ളിപ്പുറം എന്നിവർ സംസാരിച്ചു.യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയ കാട് സ്വാഗതവും വൈസ് പ്രസിഡന്റ് അഖിൽ അപ്പുക്കട്ടൻ നന്ദിയും പറഞ്ഞു. വിളംബര ജാഥ കടന്നു വന്ന വഴികളിൽ വിവിധ ശാഖയോഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി.