ചേർത്തല: ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാർഡ് വളപ്പിൽ വീട്ടിൽ സതീശന്റെ മകൻ ഷാരോൺ (26)ആണ് മരിച്ചത്. ദേശീയപാതയിൽ 11-ാം മൈൽ കവലയ്ക്ക് സമീപം 17ന് പുലർച്ചെ എറണാകുളത്തെ ജോലിസ്ഥാപനത്തിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കർണാടക രജിസ്ട്രേഷനിലുള്ള ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാരോൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഈരാട്ടുപേട്ടയിലെ എസ്.കെ.എസ് മൈക്രോഫിനാൻസ് ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഷാരോൺ ഒരാഴ്ച മുമ്പാണ് എറണാകുളത്തെ ഓഫീസിലേയ്ക്ക് മാറിയത്. സതിയാണ് മാതാവ്.സഹോദരങ്ങൾ: ശരത് (മിൽമ ജീവനക്കാരൻ),ശാലു.