
മാന്നാർ: ഭക്തർക്ക് പ്രവേശിക്കാൻ കഴിയാതെ ചരിത്ര പ്രാധാന്യമുള്ള കോയിക്കൽകാവ് നാഗരാജ ക്ഷേത്രം. തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു പടിഞ്ഞാറു മാറി മാന്നാർ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് സമീപമാണ് കോയിക്കൽകാവ് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടികൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന ചെറിയക്ഷേത്രം തകർന്നു വീഴാവുന്ന അവസ്ഥയിലാണെങ്കിലും പൂജകൾ മുടങ്ങാതെ നടന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ ക്ഷേത്രവും കാവും. ദിവസങ്ങൾക്കുമുമ്പ് ശക്തമായ കാറ്റിലുംമഴയിലും മരങ്ങൾ കടപുഴകി വീണത് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയാതാക്കി. ക്ഷേത്രത്തിനു മുകളിലേക്കും ക്ഷേത്രവഴിയിലേക്കുമാണ് വന്മരങ്ങൾ വീണത്. മരങ്ങൾ മുറിച്ചുമാറ്റി ക്ഷേത്രപ്രവേശം ഒരുക്കാൻ ദേവസ്വം ബോർഡിന് പരാതിനൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മഹാരാജാക്കൻമാരുടെ കാലംതൊട്ട് ആചാരങ്ങൾ നിലനിന്നിരുന്ന ചരിത്രപ്രാധാന്യമുള്ള ക്ഷേത്രത്തിന്റെ അവസ്ഥയിൽ വേദനിക്കുകയാണ് ഭക്തർ. തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന്റെ കീഴൂട്ട് ദേവസ്വമാണ് കോയിക്കൽകാവും അതിനുള്ളിലെ നാഗരാജ ക്ഷേത്രവും. മാസത്തിലൊരിക്കൽ മാത്രമാണ് പൂജയുള്ളത്. തൃക്കുരട്ടിക്ഷേത്രത്തിൽ നിന്നുമാണ് പൂജ നടത്തിവരുന്നത്. കിഴക്ക് ദർശനത്തിലാണ് നാഗരാജ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠ തടികൊണ്ട് നിർമ്മിച്ചിട്ടുള്ള പ്രത്യേക ക്ഷേത്രഖണ്ഡത്തിലാണുള്ളത്. തൊട്ടുവടക്ക് വശത്ത് ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
.........
# സാമൂഹ്യ വിരുദ്ധരുടെ താവാളം
കായംകുളം രാജാക്കന്മാരുടെ വേനൽക്കാല വസതിയായിരുന്ന കോയിക്കൽകൊട്ടാരം സ്ഥിതിചെയ്യുന്നിടത്താണ് കാവുള്ളത്. അതിനാലാണ് കോയിക്കൽകാവ് എന്നറിയപ്പെടുന്നത്. നാമാവശേഷമായ കൊട്ടാരത്തിന്റെ ചിലഭാഗങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. കാവിന്റെ ഭാഗമായിരുന്ന ഒരേക്കറോളം സ്ഥലം ബി.എസ്.എൻ.എൽ സ്ഥാപിക്കുന്നതിന് വിട്ടുകൊടുത്തിരുന്നു. ശേഷിക്കുന്നഭാഗത്ത് ധാരാളം വൻമരങ്ങളും അപൂർവങ്ങളായ ഔഷധസസ്യങ്ങളും നിറഞ്ഞു നില്പുണ്ട്. മാന്നാർ കുരട്ടിശേരി പ്രദേശത്ത് നിലവിൽ വിസ്തൃതിയേറിയകാവ് ഇതുമാത്രമാണുള്ളത്. മാന്നാർ ടൗണിനോട് ഏറ്റവും അടുത്ത്കിടക്കുന്ന ഈഭാഗം സന്ധ്യകഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാകും. മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും ഏറെയാണ്.
........
'' ചരിത്ര പ്രാധാന്യമുള്ള കാവും ക്ഷേത്രവും ഭാവി തലമുറക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുരുദ്ധാരണപ്രവർത്തനങ്ങൾ നടത്തി സംരക്ഷിക്കണം.
(പ്രദേശവാസികൾ)