ഹരിപ്പാട്: കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബജി ചലഞ്ചിൽ മനീഷിന് ഇലക്ട്രിക് സ്കൂട്ടർ. ഡാണാപ്പടി പഴയ പാലത്തിന് താഴെ പ്രകൃതി ജൈവ കലവറയുടെ മുമ്പിൽ രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെ ആണ് പടവലങ്ങ ബജി ചലഞ്ച് സംഘടിപ്പിച്ചത്. ഇതിൽ നിന്നും സമാഹരിച്ച തുകകൊണ്ട് രോഗം ബാധിച്ചു ഒരു ഭാഗം തളർന്ന വെട്ടുവേനി പുത്തൻ കണ്ടത്തിൽ പടീറ്റതിൽ മനീഷിന് ( 38) സ്വയംതൊഴിൽ ചെയ്യുന്നതിനായി ഇലക്ട്രിക് മുച്ചക്ര വാഹനം വാങ്ങി നൽകി. 105000 രൂപയാണ് വാഹനത്തിന്റെ വില. കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ.ഡേവിഡ് സ്കൂട്ടറിന്റെ താക്കോൽ മനീഷിന് കൈമാറി.