ആലപ്പുഴ: നഗരവാസികൾക്കിനി ഇഷ്ടപ്പെട്ട പുസ്തകം തേടി വായനശാലകൾ കയറിയിറങ്ങേണ്ട. ഏത് പുസ്തകം ഏത് വായനശാലയിൽ ലഭിക്കുമെന്ന് ഓൺ ലൈനായറിയാൻ വഴിയൊരുങ്ങുകയാണ്. ആലപ്പുഴ നഗരസഭയുടെ വിജ്ഞാന നഗരം വായനശാല വാതിൽപ്പടി പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം.
സംസ്ഥാനത്ത് ഇതാദ്യമായാണ് നഗരസഭാ ലൈബ്രറിയുടെ പുസ്തക വിതരണം പൂർണമായും ഓൺലൈനിലേയ്ക്ക് മാറുന്നതെന്ന് അധികൃതർ പറയുന്നു.
ആദ്യ ഘട്ടമായി നഗരസഭാ ലൈബ്രറിയിലെ 40,000 പുസ്തകങ്ങളുടെ വിവരം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന പ്രവൃത്തി നടന്നുവരികയാണ്. ഒപ്പം സ്ഥിരാംഗങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. നഗരത്തിൽ ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 18 വായനശാലകളാണുള്ളത്. രണ്ടാം ഘട്ടത്തിൽ ഈ ലൈബ്രറികളിലെ രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങളുടെ വിവരങ്ങളും അംഗങ്ങളുടെ വിവരങ്ങളും ഓൺലൈനിൽ ചേർക്കും. ഇതോടെ ഏത് ലൈബ്രറിയിലും അംഗത്വമെടുക്കാനും ഇഷ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും.
പദ്ധതിക്ക് വേണ്ട പ്ളാറ്റ്ഫോം സൗജന്യമായി ഒരുക്കിയിരിക്കുന്നത് ഇന്ത്യ ഇന്നൊവേഷൻസ് ചലഞ്ച് ജേതാവായ ഐ.ടി വിദഗ് ദ്ധൻ ജോയ് സെബാസ്റ്റ്യനാണ്. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറും ഇദ്ദേഹമാണ്.
സേവനങ്ങൾ
പുസ്തകങ്ങൾ തിരഞ്ഞെടുക്കാം
ഓൺലൈനായി ലൈബ്രറി അംഗത്വമെടുക്കാം
അംഗത്വ ഫീസ് അടയ്ക്കാം
പുസ്തകങ്ങൾ അഡ്വാൻസായി ബുക്ക് ചെയ്യാം
ഏറ്റവും ഡിമാൻഡുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് വായനശാലകൾക്ക് ക്രോഡീകരിക്കാം
കൂടുതൽപ്പേർ വായനയിലേക്ക്
ഈ മാസം 30നകം എല്ലാ വാർഡിലും കൗൺസിലർ ചെയർമാനായ വാർഡുതല ലൈബ്രറി കമ്മിറ്റി രൂപീകരിക്കും. നഗരസഭാ ലൈബ്രറിയിലെ നിലവിലെ അംഗങ്ങൾ, പ്രാദേശിക ലൈബ്രറിയിലെ അംഗങ്ങൾ, വായനാപ്രേമികൾ എന്നിവരെ കൂട്ടിയിണക്കിയാവും കമ്മിറ്റി രൂപീകരിക്കുക. കുട്ടികൾ ഉൾപ്പടെ അംഗങ്ങളാകും. ഒരു വാർഡിൽ നിന്ന് 10 മുതൽ 50 വരെ അംഗങ്ങളുള്ള കമ്മിറ്റി രൂപീകൃതമാകും.
ഓൺലൈനിലേക്ക് വന്ന വഴി
വായനശാലകളിലെ 90 ശതമാനം പുസ്തകങ്ങളും പ്രചരിക്കപ്പെടുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പദ്ധതിക്ക് തുടക്കമായത്. റഫറൻസുകൾക്ക് വേണ്ടി പോലും ഓരോ പുസ്തകങ്ങൾ ഏത് ലൈബ്രറിയിൽ ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയുണ്ട്. പുതുതലമുറയിൽ വായന നടക്കുന്നുണ്ടെങ്കിലും, പരമ്പരാഗതമായി പ്രചരിക്കപ്പെട്ടു വന്ന നോവലുകളിലേക്കും അമൂല്യ ഗ്രന്ഥങ്ങളിലേക്കും ശ്രദ്ധയെത്തുന്നില്ല. പുതിയ തരത്തിലാണ് പുതുതലമുറയുടെ വായന. ഇവരിലേക്ക് ആകർഷകമായ രീതിയിൽ പുസ്തക വിവരങ്ങൾ എത്തിക്കുകയാണ് ഓൺലൈൻ പദ്ധതിയുടെ ലക്ഷ്യം. വോളണ്ടിയർമാരെ ചുമതലപ്പടുത്തിയാവും ആവശ്യക്കാരിലേക്കും തിരികെ വായനശാലയിലേക്കും പുസ്തകങ്ങൾ എത്തിക്കുക.
...........................................
ആദ്യ ഘട്ടമെന്ന നിലിയിൽ നഗരസഭാ ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവരങ്ങൾ സൈറ്റിൽ അപ് ലോഡ് ചെയ്യുകയാണ്. മേയ് 15 ഓടെ പൊതുജനത്തിന് സൈറ്റിൽ പുസ്തകം തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനം യാഥാർത്ഥ്യമാകും.
നഗരസഭാ അധികൃതർ