ഹരിപ്പാട്: കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് വീയപുരം. ഭൂഗർഭ ജല വകുപ്പിന്റെ അനാസ്ഥ കാരണം വീയപുരത്ത് കുടിവെള്ള പദ്ധതി നീണ്ടു പോകുകയാണ്. വീയപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തന പദ്ധതിയിൽ മിനി കുടിവെള്ള പദ്ധതിക്ക് പണമടച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം ജല അതോറിട്ടിയുടെ പൈപ്പ് ലൈനിലൂടെ വരുന്ന കലങ്ങിമറിഞ്ഞെത്തുന്ന വെള്ളമാണ് വീയപുരത്തിന്റെ ദാഹം അകറ്റുന്നത്. പ്രതിസന്ധി മനസിലാക്കി ഡിവിഷൻ ബ്ലോക്ക് മെമ്പറും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റുമായി പി. ഓമനയുടെ ഇടപെടലിനെ തുടർന്നാണ് മിനി കുടിവെള്ള പദ്ധതിക്ക് പണമടച്ചത് .പ്ലാൻ ഫണ്ടിൽ നിന്ന് 16.5 ലക്ഷം രൂപയാണ് പദ്ധതി പൂർത്തീകരണത്തിനായി ഭൂഗർഭ ജല വകുപ്പിന്റെ ആലപ്പുഴ ഓഫീസിൽ അടച്ചത്. എന്നാൽ പണമടച്ച് ഒരു വർഷം പിന്നിടുമ്പോഴും വകുപ്പിന്റെ യാതൊരു ഇടപെടലുമില്ല. ജില്ലയിൽ മിനി കുടിവെള്ള പദ്ധതി ചെയ്യുന്ന ഏജൻസിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഉടൻ നിർമ്മാണം ആരംഭിക്കാമെന്നും അടച്ച തുക മതിയാകില്ലന്നും ഫണ്ടിൽ മാറ്റം വരുത്തണമെന്നുമാണ് കരാറുകാർ പറയുന്നത്.

...........

# തകർച്ചയുടെ വക്കിൽ

വീയപുരത്തെ ജല ഉപരിതല സംഭരണി തകർച്ചയുടെ വക്കിലായിട്ട് വർഷങ്ങൾ പിന്നിട്ടു. കുഴൽ കിണറിൽ നിന്നും പമ്പ് ചെയ്തെടുക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യാൻ പോലും കഴിയില്ല. സംഭരണിയുടെ ഗോവണിപ്പടികൾ പൂർണമായും തകർന്നു. പുതിയ വീയപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അധികാരത്തിലെത്തിയതിനു ശേഷം വീയപുരത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസിന്റെ നേതൃത്വത്തിൽ തിരുവല്ലയിലെ വാട്ടർ അതോറിട്ടി എക്സി.എൻജിനീയറുടെ കാര്യാലയത്തിനു മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.

..........

''കുടിവെള്ള ക്ഷാമത്തിൽ വലയുന്നവർ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയിൽ ലഭിക്കുന്ന വെള്ളം ശേഖരിച്ചു വെച്ചാണ് ഉപയോഗിക്കുന്നത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണം.

രാജേഷ് (പ്രദേശവാസി)

''പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി അധികൃതരുമായി നിരന്തരം ബന്ധപെടുകയാണ്. ഇതിന്റെ ഫലമായി 3,7 വാർഡുകളിൽ മിനി കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. രണ്ടാം വാർഡിലും ഉടൻ തുടങ്ങുമെന്നാണ് അധികൃതർ നൽകിയ ഉറപ്പ്.

( പി.എ.ഷാനവാസ്‌ ,വൈസ് പ്രസിഡന്റ്‌, വീയപുരം ഗ്രാമപഞ്ചായത്ത്)