മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ ഒന്നായ കാരാഴ്മ ദേവീ ക്ഷേത്രത്തിൽ 22ന് പറക്കെഴുന്നെള്ളത്ത് നടക്കും. രാവിലെ 8.30ന് എഴുന്നെള്ളത്ത് ആരംഭിക്കും മേടമാസത്തിലെ പത്താമുദയം കഴിഞ്ഞുവരുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിലാകും ആദ്യ എഴുന്നെള്ളത്ത്. ഏഴു കരകളായ കാരാഴ്മ കിഴക്ക്, കാരാഴ്മ പടിഞ്ഞാറ്, ചെന്നിത്തല കിഴക്കേ വഴി, പടിഞ്ഞാറുവഴി, തൃപ്പെരുംതുറ, ഒരിപ്രം, ചെറുകോൽ, തെക്കുംമുറി കോട്ടയ്ക്കകം എന്നിവിടങ്ങളിലെ പറയെടുപ്പ് അവസാനിക്കുന്നത് ഇടവം ഒന്നാം തീയതി അൻപൊലി അരീപ്പറ മഹോത്സവത്തോടെയാണ്.

മദ്ധ്യ തിരുവിതാംകൂറിൽ പ്രധാനമായും മൂന്നു ചിട്ടകളിലാണ് ജീവത എഴുന്നെള്ളിക്കുന്നത്. ജീവിത എഴുന്നെള്ളത്തോടൊപ്പമുള്ള അകമ്പടിയിലും കാരാഴ്മ ദേവീ ക്ഷേത്രം തനതായ ശൈലി പുലർത്തുന്നു. വീക്ക് ചെണ്ടകൾ, ഉരുട്ടു ചെണ്ടകൾ, കൊമ്പ്, കുഴൽ, ഇലത്താളം, ഇനീ മേളവാദ്യങ്ങൾക്കൊപ്പം ജീവിതയ്ക്കിരുവശത്തും രണ്ടു മെഴുവേറ്റക്കുടകൾ, വാൾ, പരിച, കുത്തുവിളക്ക്, തൊണ്ടിവിളക്ക്, ചുക്കുവിളക്ക്, പന്തക്കുറ്റി, കാൽ, തകിൽ, നാദസ്വരം എന്നീ അകമ്പടികളോടെയുള്ള എഴുന്നെള്ളത്ത് കാരാഴ്മ ദേവിക്ക് മാത്രമാണുള്ളത്. ക്ഷേത്രത്തിൽ നിന്ന് പാറയ്ക്കിറങ്ങിയ ശേഷവും നട തുറന്ന് നിത്യ പൂജകൾ മുറ തെറ്റാതെ നടത്തുന്ന ഒരേ ഒരു ക്ഷേത്രവും കാരാഴ്മ ദേവീ ക്ഷേത്രമാണ്.