മാന്നാർ : ആത്മബോധോദയ സംഘം സ്ഥാപകനും പരമാചാര്യനുമായ ശുഭാനന്ദ ഗുരുദേവന്റെ 140 -ാമത് പൂരം ജന്മനക്ഷത്ര മഹാമഹം ഗുരുദേവ ജന്മഭൂമിയായ കുട്ടംപേരൂർ ശ്രീ ശുഭാനന്ദാദർശാശ്രമത്തിൽ മേയ് 2 മുതൽ 11 വരെ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. മേയ് 2 ന് രാവിലെ 10 ന് തൃക്കൊടിയേറ്റ് ആശ്രമപൂജാരി മണിക്കുട്ടൻ നിർവഹിക്കും. തുടർന്ന് ആരാധന, ആത്മീയ പ്രഭാഷണം, സമൂഹസദ്യ, വൈകിട്ട് ദീപാരാധന, ദീപകാഴ്ച എന്നിവ നടക്കും. 7 ന് മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. 8 ന് പ്രശാന്ത് കോട്ടയം, അപ്പുക്കുട്ടൻപത്തനംതിട്ട എന്നിവർ ആത്മീയ പ്രഭാഷണം നടത്തും. തുടർന്നുള്ള ഒൻപത് ദിവസങ്ങളിൽ റിട്ട.എ.ഇ.ഒ വേലൂർ പരമേശ്വരൻ നമ്പൂതിരി, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, സലാം മുസ്‌ലിയാർ മാന്നാർ, ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജി എസ്.സുരേഷ് കുമാർ, കുട്ടമ്പേരൂർ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ടി.എസ് നൈനാൻ, മുട്ടേൽ സെന്റ്മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ മത്തായി കുന്നിൽ, ഹിന്ദുഐക്യവേദി സംസ്ഥാന കമ്മിറ്റിയംഗം വിനോദ് ഉമ്പർനാട്, ബാലഗോകുലം ചെങ്ങന്നൂർ മേഖല ഉപാദ്ധ്യക്ഷൻ വേണു ജി.സുകൃതം ചെറിയനാട് എന്നിവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തും. പത്താംദിവസമായ മേയ് 11 പൂരം തിരുനാളിൽ ഗുരുപൂജ, ഗുരുദക്ഷിണ, സമൂഹാരാധന, എതിരേൽപ്പ്, നേർച്ച സമർപ്പണം എന്നിവക്ക് ശേഷം ഉച്ചക്ക് 12 ന് മലങ്കര ഓർത്തഡോക്സ് സഭ നിരണംഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആത്മീയ പ്രഭാഷണം നടത്തും. തുടർന്ന് ആരാധനാ സമർപ്പണം, സമൂഹസദ്യ, ദീപക്കാഴ്ച, വൈകിട്ട് ഒൻപതിന് കുട്ടംപേരൂർ ശുഭാനന്ദ ഓർക്കസ്ട്ര നയിക്കുന്ന ഭക്തിഗാനസുധ. പുലർച്ചെ അഞ്ചിന് ശാന്തിധനാർപ്പണ ശേഷം തൃക്കൊടിയിറക്ക്. ലോകശാന്തി പ്രാർത്ഥനയോടെ മഹോത്സവം സമാപിക്കും.