
മാന്നാർ: അപ്പർകുട്ടനാടൻ മേഖലയായ മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട്, വേഴത്താർ പാടശേഖരങ്ങളിൽ ശക്തമായ മഴയിൽ നെല്ലുകൾ നിലംപൊത്തിയതിനു പിന്നാലെ വെള്ളം കെട്ടിക്കിടക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. 90 ദിവസം പ്രായമായ നെൽചെടികളാണ് നിലംപൊത്തി വെള്ളത്തിൽ കിടക്കുന്നത്.വരിനെല്ല് വില്ലനായി എത്തിയതിനു ശേഷമാണ് വേനൽമഴ കർഷകരെ തളർത്തുന്നത്. മുൻ വർഷങ്ങളിലുണ്ടായ നഷ്ടം ഇക്കുറി നികത്താനാകുമെന്ന പ്രതീക്ഷയിൽ ബാങ്കിൽ നിന്ന് വായ്പയെടുത്തും കൊള്ള പലിശക്ക് പണം കടം വാങ്ങിയുമാണ് കർഷകർ കൃഷി ഇറക്കിയത്. രണ്ടാം ഘട്ട വളപ്രയോഗവും മരുന്നടിയും കഴിഞ്ഞ് നെൽച്ചെടി രണ്ടു മാസം പ്രായമായപ്പോൾ മുതലാണ് വരിനെല്ലിന്റെ സാന്നിദ്ധ്യം പാടശേഖരങ്ങളിൽ കാണപ്പെട്ടത്. ഇപ്പോൾ 90 ദിവസംവരെ പ്രായമായ നെല്ലുകൾക്കിടയിലൂടെ വളർന്നുപൂത്ത വരിനെല്ല് മഴയിലും കാറ്റിലും നെല്ലുകൾക്ക് മുകളിലേക്ക് വീണാണ് കൃഷികൾ നശിച്ചത്. അരിയോടിച്ചാൽ, കണ്ടങ്കേരി എന്നീ പാടശേഖരങ്ങളിലും ഇതേ അവസ്ഥയിലാണ്. നാലുതോട് പാടശേഖരങ്ങളിൽ പലയിടത്തും പായലും ചെളിയും നിറഞ്ഞ കിടക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട സഹായം കിട്ടിയാൽ മാത്രമെ കടക്കെണിയിൽ നിന്ന് കരകയറാൻ കർഷകർക്ക് കഴിയൂ എന്നാണു തുണ്ടിപ്പറമ്പിൽ ദാമോദരൻ, സുധാകരൻ സർഗം, അയ്യൂബ് കന്നിമേൽത്തറ, ബാലകൃഷ്ണൻ വിമൽഭവൻ, സെയ്തുകുട്ടി തുടങ്ങിയ കർഷകർ പറയുന്നത്.