ph

കായംകുളം:യാത്രക്കാർക്കും ജീവനക്കാർക്കും അപകടം വിതച്ച് കായംകുളം ബസ്റ്റാൻഡ്. സംസ്ഥാനത്തെ ഏറ്റവും വലിയ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് കായംകുളം ബസ്റ്റാൻഡ്. കായംകുളത്തിന്റെ മുഖമുദ്ര കൂടിയാണ് സ്റ്റാൻഡ്. എന്നാൽ ഇന്ന് തകർന്നുവീഴാൻ ദിനങ്ങളെണ്ണി കാത്തിരിയ്ക്കുകയാണ് ബസ് സ്റ്റേഷൻ കെട്ടിടം. ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് ജീവനക്കാരും ജീവൻ പണയം വച്ച് കഴിയുന്നത് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറുടെ ജൻമനാട്ടിലാണ്.

അരനൂറ്റാണ്ടിലേടെ പഴക്കമുള്ള കെട്ടിടം എത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമ്മിയ്ക്കുവാൻ കാലതാമസം ഉണ്ടായാലും സ്റ്റാൻഡ് അടച്ചിടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. കെട്ടിടം താങ്ങി നിറുത്തുന്ന പല തൂണുകളുടെ കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞ് നിൽക്കുന്ന കാഴ്ചയാണ്. മുകളിലെ കോൺക്രീറ്റുകളിലെ കമ്പികൾ തുരുമ്പിച്ച് തീർന്നു.മേൽക്കൂരയിലും ഭിത്തിയിലുമെല്ലാം വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്.നൂറ് കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രകാരുമാണ് ദിവസവും കായംകുളം കെ.എസ്.ആർ.ടി.സി.യിൽ എത്തുന്നത്. അപകട ഭീഷിണി ഉയർത്തുന്ന കെട്ടിടത്തിൽ ഉടൻ ശാശ്വതമായ പരിഹാരം കാണണമെന്ന് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമാവുകയാണ്.

.........

# ജന പ്രതിനിധികൾക്ക് ഉത്തരമില്ല

ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളുടെ മൗനമാണ് സ്റ്റാൻഡിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം .കെട്ടിടത്തിന്റെ മുൻവശത്ത് ദീർഘദൂരസർവീസുകൾ നിർത്തുന്ന ഭാഗത്ത് കഴിഞ്ഞ ആഴ്ച കോൺക്രീറ്റ് അടർന്ന് വീണ് യാത്രക്കാരന് പരിക്കേറ്റു. കോൺക്രീറ്റ് അടർന്ന് വീഴുമ്പോൾ പലപ്പോഴും യാത്രക്കാർ ഓടിമാറുന്നതിനാലാണ് അപകടം ഒഴിവാകുന്നത്. കായംകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വാണിജ്യഅടിസ്ഥാനത്തിൽ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനം മുൻപ് ബഡ്ജറ്റിൽ വന്നിരുന്നുവെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല.

--------------

കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലാണ്. അടിയന്തിരമായി കെട്ടിടം പൊളിച്ച് പണിയണം. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

പി.ശശികല

ചെയർപേഴ്സൺ

കായംകുളം നഗരസഭ